തിരൂർ: കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മത്തൊട്ടിൽ സ്ഥാപിച്ച സാമൂഹിക പ്രവർത്തക ഡോ. കുമാരി സുകുമാരന്റെ വീട്ടുവരാന്തയിൽ ചോരപ്പൈതലിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി .ചൊവ്വാഴ്ച്ച പുലർച്ചെയാണ് ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ലഭിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് വാതിൽ തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുഞ്ഞിനെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കാനെത്തിയവർ വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ട് വളപ്പിൽ കടന്ന് കുട്ടിയെ വരാന്തയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്
റോട്ടറി ക്ലബ് പ്രസിഡന്റായിരിക്കെയാണ് വീട്ടുവളപ്പിൽ റോഡിലേക്ക് അഭിമുഖമായി ഡോ. കുമാരി സുകുമാരൻ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. കുഞ്ഞിനെ കിടത്താനും വിവരം അറിയിക്കാനും ബെല്ലും ഒരുക്കിയിരുന്നു. ഏഴ് വർഷം മുമ്പ് സ്ഥാപിച്ച തൊട്ടിലിൽ ഇതുവരെയായി 15ഓളം കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. തിരൂരിൽ തെരുവിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച സംഭവങ്ങളുണ്ടായതിനെ തുടർന്നായിരുന്നു കുമാരി സുകുമാരൻ സ്വന്തമായി അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി.