പെരിന്തൽമണ്ണ: ഡിവൈ.എസ്.പി ഓഫീസ് കോമ്പൗണ്ടിൽ പിടിച്ചിട്ടിരുന്ന ബസിന്റെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് പെരുമ്പല്ലൂർ വീകളത്തൂർ പാണ്ടകപാടി നടുതെരുവ് മണി(37), ട്രിച്ചി മുസരിവട്ടം ചിന്നക്കൊടുംന്തറൈ ഷൺമുഖവേൽ(28) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 2.10 ഓടെയാണ് സംഭവം. പൊലീസ് കൺട്രോൾ റൂം വാഹനം പട്രോളിംഗിന് ശേഷം നഗരമദ്ധ്യത്തിലെ ഡിവൈ.എസ്.പി. ഓഫീസിനടുത്തെത്തുമ്പോൾ ഒരാൾ നിറുത്തിയിട്ടിരുന്ന ബസിനകത്തേക്ക് ഓടിക്കയറുന്നത് കണ്ടു. പൊലീസ് പിന്നാലെയെത്തിയപ്പോൾ. ബസിനുള്ളിൽ മറ്റൊരാളുമുണ്ടായിരുന്നു. ബസിന്റെ ബാറ്ററി ബോക്സിന്റെ മുകൾഭാഗം തുറന്നിരുന്നു. അഴിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി.എ.എസ്.ഐ. ഉദയന്റെ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റുചെയ്തു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.