മഞ്ചേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടക്കുന്ന സമരങ്ങൾ കോടതിക്കും ഭരണഘടനയ്ക്കുമെതിരെയാണെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. പന്തല്ലൂർ ഭഗവതി ക്ഷേത്രക്കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയനുസരിച്ച് സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്ന വിധിയാണ് സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റേത്. വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാദ്ധ്യതയുണ്ട്. ഇത് വിശ്വാസികൾക്കെതിരെയാണെന്ന് ബി.ജെ.പി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. അനിൽ, പന്തല്ലൂർ ക്ഷേത്ര സമിതി പ്രസിഡന്റ് കെ.പി. മണികണ്ഠൻ, അഡ്വ. രാജഗോപാൽ, കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.