മലപ്പുറം: ശബരിമല വിഷയത്തിൽ താത്കാലിക രാഷ്ട്രീയ നേട്ടം മുന്നിൽ കണ്ട് ലീഗും കോൺഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാടുകൾ അപകടകരമാണെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. മലപ്പുറം പ്രസ്ക്ലബ്ബിലെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേരളത്തിൽ സംഘപരിവാർ ശക്തികളെ സഹായിക്കാനേ ഉതകൂ. എറണാകുളത്ത് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ ഒരുമിച്ചാണ് ശബരിമല പ്രതിഷേധത്തിൽ പങ്കെടുത്ത്. കൊടിയില്ലാതെ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കാൻ ചെന്നിത്തല പ്രവർത്തകർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ സംഘപരിവാർ സംഘടനകളിൽ ഒന്നായി ചുരുങ്ങുകയാണ് കോൺഗ്രസ്. ഇത് അവരുടെ ബഹുജന അടിത്തറ തകരാൻ കാരണമാകും. ചെറിയലാഭം പ്രതീക്ഷിച്ച് വലിയ നഷ്ടക്കച്ചവടമാണ് അവർ നടത്തുന്നത്. ലീഗ് നിലപാട് വിശ്വാസം നിയമത്തിന് മുകളിലാണെന്ന ബി.ജെ.പി വാദത്തെ അംഗീകരിക്കുന്നതിന് സമാനമാണ്. ബാബരി മസ്ജിദ് സംബന്ധിച്ചുള്ള ബി.ജെ.പി നിലപാടിനെ ന്യായീകരിക്കലാണിത്. വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് സംഘപരിവാറും ബി.ജെ.പിയും ചെയ്യുന്നത്. ഇതിൽ പ്രതിപക്ഷം അണിചേർന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിവിധി രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗപ്പെടുത്താതെ നവീകരണത്തിനൊപ്പം നിലകൊള്ളുകയാണ് വേണ്ടത്. നവോത്ഥാനത്തിലൂടെയാണ് നാടിന്റെ എല്ലാ നന്മകളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമൊന്നും മഹാത്മാഗാന്ധിയെ കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രവൃത്തികളെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. ഈ ആശയമാണ് ഇടതുപക്ഷം കേരളത്തിൽ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നത്. തെരുവിലിറങ്ങുന്നവരെ നിയമപരമായി നേരിടും. സമവായമാണ് സർക്കാരിന്റെ അജൻഡയെന്നും അതാണ് ഗെയിൽ വിഷയത്തിലും ദേശീയപാത വിഷയത്തിലും കേരളം കണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.