ചങ്ങരംകുളം: കുറ്റിപ്പുറം മിനിപമ്പയ്ക്ക് സമീപം കഞ്ചാവ് വിൽപ്പനക്കാർ പരസ്യമായി ഏറ്റുമുട്ടി. സംഘത്തിലെ ഏഴുപേരെ കഞ്ചാവ് സഹിതം എക്സൈസ് പിടികൂടി. പൊന്നാനി, കുറ്റിപ്പുറം, വളാഞ്ചേരി എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപന നടത്തിവന്ന സംഘങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്. പൊന്നാനി റേഞ്ച് പരിധിയിൽ മിനിപമ്പയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് നാജി എന്നയാൾ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 53പാക്കറ്റ് (615ഗ്രാം) കഞ്ചാവും കടത്താനുപയോഗിച്ച ആൾട്ടോ കാറും പിടിച്ചെടുത്തു. നാജിയെ പിടിക്കാൻ എക്സൈസുകാരെ സഹായിച്ചത് സൗഫീർ എന്നയാൾ ആണെന്നാരോപിച്ചാണ് നാജിയുടെ സുഹൃത്തുക്കൾ ഇയാളെ ആക്രമിച്ചത്.
നാജി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിനിപമ്പ ഭാഗത്ത് എക്സൈസ് റെയ്ഡിനായി എത്തുമ്പോൾ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.
മിനിപമ്പ ഭാഗത്ത് കാറിൽ വിശ്രമിക്കുകയായിരുന്ന സൗഫീറിനെതിരായ ആക്രമണത്തിനിടെ നാജിയുടെ സുഹൃത്ത് ഹസ്സൻ സബീറിനും പരിക്കേറ്റു. ജീപ്പ് കണ്ടു മൂന്നുപേർ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച അഞ്ചു പേരെ എക്സൈസ് സംഘം ഓടിച്ചിട്ട് പിടികൂടി. സൗഫിറിന്റ ഫിയറ്റ് കാറിൽ നിന്നും 545 ഗ്രാം കഞ്ചാവും നാജിയുടെ സുഹൃത്ത് ഹസ്സൻ സാബിറിന്റെ ആൾട്ടോ കാറിൽ നിന്നും 330ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു.
റിനീഷ് , മുഹമ്മദ് ഷക്കീർ , മുഹമ്മദ് സുഫിയാൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. പിടിയിലായ പ്രതികൾ കുറ്റിപ്പുറം, പൊന്നാനി, വളാഞ്ചേരി സ്വദേശികളാണ്.
ഫയാസ്, ദിൽഫു, സുറൂക് എന്നിവരാണ് ഓടി രക്ഷപെട്ടതെന്നും ഇവർക്കായി അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഘം പ്രദേശത്തെ പ്രധാന കഞ്ചാവ് വിൽപ്പന സംഘങ്ങളാണെന്നും മറ്റു മയക്കുമരുന്ന് സംഘങ്ങളുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു. റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർ എ. സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർ കെ. ജാഫർ, സുഗന്ധകുമാർ, മോഹനദാസൻ, പി.പി പ്രമോദ്, ഗിരീഷ്, സനൽകുമാർ എന്നിവർ നേതൃത്വം നൽകി