bharathapuzha
ഭാരതപ്പുഴയിൽ കുട്ടികൾക്കായി തിരച്ചിൽ നടത്തിയപ്പോൾ

എടപ്പാൾ: ഒരു കുടുംബത്തിലെ മൂന്ന് മക്കളെ നിളയിലെ നിലയില്ലാക്കയം മരണത്തിലേക്ക് കോരിയെടുത്തത് വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ബന്ധുവീട്ടിലേക്ക് വിരുന്നു പോയി ഭാരതപ്പുഴ കാണാനിറങ്ങിയ തവനൂർ കാഞ്ഞിരകറ്റി പറപ്പൂർ ഹൗസിലെ മൊയ്തീന്റെ മക്കളായ ഷാക്കിർ, ജുമാന, ജാസിം എന്നിവരാണ് മുങ്ങി മരിച്ചത്. മാതാവിന് അസുഖമായതിനാൽ പെട്ടന്ന് നാട്ടിലെത്തണമെന്ന വിവരം ലഭിച്ചയുടൻ മൊയ്തീൻ ദുബായിൽ നിന്ന് പുറപ്പെട്ടു. ഇന്നലെ രാവിലെ വീട്ടിലെത്തുന്നതു വരെ മൊയ്തീൻ ദുരന്ത വിവരം അറിഞ്ഞിരുന്നില്ല. വീട്ടിൽ കയറി മക്കളെ ചോദിച്ചതോടെ തളർന്ന് അവശയായി കിടക്കുന്ന പ്രിയതമയെയാണ് കണ്ടത്. അതോടെ ആർക്കും ആരെയും സമാധാനിപ്പിക്കാനാകാതെ കരച്ചിൽ കൂട്ടക്കരച്ചിലായി. മക്കളെ ഒരുനോക്കു കാണണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും ആ സമയം മക്കളുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒമ്പതരയോടെ മൂത്ത മകൻ ഷാക്കിറിന്റെ മൃതദേഹമാണ് ലഭിച്ചത്. ഒന്നരയോടെ മകൾ ജുമാനയു ടെ വിറങ്ങലിച്ച മൃതദേഹവും കിട്ടി. മക്കൾ മുങ്ങിപ്പോയ പുഴക്കരയിലേക്ക് പോകാൻ പലവട്ടം മൊയ്തീൻ പറഞ്ഞപ്പോഴൊക്കെ നാട്ടുകാർ ആശ്വസിപ്പിച്ചു നിർത്തി. മൂന്നു മാസം മുമ്പ് നാട്ടിൽ വന്നുപോയ മൊയ്തീൻ മക്കളുടെ ഭാവിയെ മുന്നിൽ കണ്ട് ഇവരുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. മകൻ ഷാക്കിർ ബംഗ്ലുരുവിൽ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്. വിജയദശമി അവധി കഴിഞ്ഞ് ഞായറാഴ്ച തിരിച്ചു പോകാനിരുന്നതാണ്. വ്യാഴാഴ്ച ഉച്ചക്ക് പിതാവ് മൊയ്തീൻ മക്കളോട് ഫോണിൽ സംസാരിച്ചിരുന്നു.അടുത്ത മാസം ഹാഫിളാകാൻ കാത്തിരിക്കുകയായിരുന്നു കൊച്ചനിയൻ ജാസിം. വ്യാഴാഴ്ച വൈകുന്നേരം വെള്ളത്തിൽ മുങ്ങിയ സമയം മുതൽ എല്ലാം വെടിഞ്ഞ് ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും തിരച്ചിലിൽ ഒത്തുചേർന്നു. ഇന്നലെ നേരം പുലർന്നതോടെ മലപ്പുറം പാലക്കാട് ജില്ലകളിലെ മുങ്ങൽ വിദഗ്ദരുടെ സംഘം കൂടി എത്തിയതോടെയാണ് തിരച്ചിൽ ഊർജിതമായത്. ഷാക്കിറിന്റെയും ജുമാന യു ടെ യും മൃതദ്ദേഹം ഇന്നലെ വൈകുന്നേരം ഖബറടക്കി. ജാസിമിന്റെ ഖബറടക്കം ഇന്ന് നടക്കും.