നിലമ്പൂർ: ഗവൺമെന്റ് മാനവേദൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തനോൽഘാടനം ഇന്ന്വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിക്കും. വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങിൽ പി.വി.അൻവർ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ് എം.പി, പി.വി.അബ്ദുൽ വഹാബ് എം.പി, മുൻ മന്ത്രിമാരും പൂർവ്വ വിദ്യാർത്ഥികളുമായ ആര്യാടൻ മുഹമ്മദ്, ടി.കെ.ഹംസ എന്നിവർ മുഖ്യാതിഥികളാവും. നഗരസഭ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ്, മറ്റു ജനപ്രതിനിധികൾ പങ്കെടുക്കും.
1940 ൽ സ്‌കൂൾ സ്ഥാപിതമാവമ്പോൾ സർക്കാറിലേക്ക് 18 ഏക്കർ സ്ഥലം വിട്ടു നൽകിയ നിലമ്പൂർ കോവിലകത്തിന്റെ പ്രതിനിധികളെ ചടങ്ങിൽ ആദരിക്കും.
8.27 കോടി ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. അഞ്ച് കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയത്. ഒരു കോടി രൂപ പി.വി.അൻവർ എം.എൽ.എ യുടെ പ്രാദേശിക ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ബാക്കി തുക ജനകീയ വിഭവ സമാഹരണത്തിലൂടെ കണ്ടെത്തും. ഹൈസ്‌കൂൾ വിഭാഗത്തിൽ രണ്ടു നിലകളിലായി 30 ക്ലാസ് റൂമുകളും വൊക്കേഷ നൽ ഹയർ സെക്കൻഡറി വിഭാഗത്തിന് ക്ലാസ് റൂമുകളും ലാബുകളും നിർമ്മിക്കും.
ഇതോടൊപ്പം സ്‌കൂൾ കാംപസിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.25 കോടി രൂപ ചിലവിൽ മിനി സ്റ്റേഡിയം കോംപ്ലക്‌സ് നിർമ്മിക്കുന്നതിനുള്ള നടപടി പരോഗമിച്ചു വരികയാണ്. ആദ്യഘട്ടമായി 12.5 കോടിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. നിർമ്മാണം അടുത്ത മാസം ആരംഭിക്കും.