cpm-ponnani
സി.പി.എം പൊന്നാനി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ പ്രൊഫ.എം.എം നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

പൊന്നാനി: ശബരിമലയെ രക്ഷിക്കാനല്ല അതിന്റെ സവിശേഷതകളെ തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗം പ്രൊഫ.എം എം നാരായണൻ പറഞ്ഞു. സി പി എം പൊന്നാനി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന, ലിംഗ പദവി, വിശ്വാസം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സമരത്തിനു പിന്നിൽ പിണറായി സർക്കാറിനെതിരായ പടയൊരുക്കമാണ്. ഇടതുപക്ഷത്തിന്റെ ജനപിന്തുണയിലുണ്ടായ നിരാശയിൽ നിന്നാണ് ശബരിമലയുടെ കാര്യത്തിൽ വലതുപക്ഷം സമരവുമായി ഇറങ്ങിയിരിക്കുന്നത്. സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ സർക്കാർ എന്താണ് ചെയ്യേണ്ടതെന്ന് സമരവുമായി രംഗത്തുള്ളവർക്ക് ഒന്നും പറയാനില്ല. സുപ്രീം കോടതിയുടെ ഭരണ ബഞ്ചിന്റെ വിധിക്കെതിരെ രംഗത്തുവന്നതിലൂടെ ഭരണഘടനയുടെ മൂല്യങ്ങൾക്കെതിരെയാണ് പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആചാരങ്ങൾ ലംഘിക്കാനുള്ളതാണ്. ആചാരങ്ങളിൽ ലംഘനം സാധ്യമാക്കിയാണ് കേരളം മാറ്റത്തിനൊപ്പം നിന്നത്. ആചാരങ്ങൾ ഒക്കെയും അധികാരത്തിന്റെ ഭാഗമായുള്ളതാണ്. ആചാരങ്ങൾ മാറ്റുകയെന്നാൽ അധികാരങ്ങളെ മാറ്റുകയെന്നർത്ഥം. കേരളത്തിൽ നവോത്ഥാനം സാധ്യമാക്കിയത് ആചാരങ്ങൾ ലംഘിച്ചാണെന്നും എം എം നാരായണൻ പറഞ്ഞു. സി പി എം ഏരിയ സെക്രട്ടറി അഡ്വ.പി കെ ഖലീമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റംഗം ടി എം സിദ്ധീഖ്,അഡ്വ.ആശ ഉണ്ണിത്താൻ, പി ജെ ശ്രീചിത്രൻ, സുരേഷ് കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു. ഗൗരി ലങ്കേഷ് പ്രത്യേക മാധ്യമ പുരസ്‌ക്കാരം നേടിയ കെ വി നദീറിന് സി പി എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ ഉപഹാരം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ധീഖ് സമ്മാനിച്ചു.