മലപ്പുറം: മലപ്പുറം, പാലക്കാട് ജില്ലകളിലെ 427 ഹയർസെക്കൻഡറി സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി മലപ്പുറം ഹയർ സെക്കൻഡറി റീജ്യണൽ കേന്ദ്രത്തിലുളളത് 14 ജീവനക്കാർ മാത്രം. റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി) ഉൾപ്പെടെ ആകെ 15 ജീവനക്കാരുടെ തസ്തികയാണുള്ളത്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടും ഇതിൽ തുടർനടപടികളുണ്ടായിട്ടില്ല. അടുത്തിടെ ഏഴ് ക്ലർക്കുമാരുടെ തസ്തിക നികത്തിയതാണ് ഏക ആശ്വാസം. ചില ജീവനക്കാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റിയതും നാല് ഉദ്യോഗസ്ഥർ അവധിയിലായതും പ്രശ്‌നം രൂക്ഷമാക്കിയിരുന്നു. തുടർന്നാണ് ക്ലർക്കുമാരുടെ നിയമം നടന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി സ്‌കൂളുകളുളള മലപ്പുറം, പാലക്കാട് ജില്ലകളാണ് മലപ്പുറം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ പരിധിയിൽ വരുന്നത്. ഓരോ മാസവും പത്ത് സ്‌കൂളുകളിൽ ആർ.ഡി.ഡി നേരിട്ടെത്തി പരിശോധന നടത്തണമെന്നാണ് ചട്ടമെങ്കിലും ജീവനക്കാരുടെ കുറവ് മൂലം ഇതൊന്നും നടക്കാറില്ല. പരിശോധനയ്ക്കായി പോയാൽ ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലുമാവും. സാധാരണ ഗതിയിൽ എ.ഇ.ഒയ്ക്ക് ഓഫീസ് ചാർജ്ജ് നൽകി ആർ.ഡി.ഡി സ്‌കൂളുകളുടെ പരിശോധനയ്ക്ക് പോവാറാണ് പതിവ്.
ഇവയൊന്നും യഥാവിധി നടക്കുന്നില്ല
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കുളള വിവിധ പദ്ധതികൾ, സ്കോളർഷിപ്പുകൾ, റീ അഡ്മിഷൻ പ്രവർത്തനങ്ങൾ.
അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ എന്നിവരുടെ പരാതികളിൽ തുടർ നടപടിയെടുക്കൽ
സർക്കാർ, എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ പെൻഷൻ, സർട്ടിഫിക്കറ്റ് അനുവദിക്കൽ, പി.എഫ് സംബന്ധിച്ച കാര്യങ്ങൾ, ലീവ് സറണ്ടർ, മെഡിക്കൽ റീംഇംപേഴ്സ്മെന്റ്
ദിവസവേതക്കാരുടെയും എയ്ഡസ് സ്കൂളുകളിലെയും അപ്രൂവൽ പ്രവർത്തനങ്ങൾ
വിവരാവകാശപ്രകാരവും ബാലാവകാശ നിയമപ്രകാരവും ലഭിക്കുന്ന പരാതികളിലെ മറുപടികൾ