പൊന്നാനി: വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പൊന്നാനി ഫിഷർമെൻ കോളനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു മുന്നിൽ ഉടക്കിട്ട് ധനകാര്യ വകുപ്പ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നിശ്ചയിച്ച തുക അനുവദിക്കാനാവില്ലെന്ന നിലപാടാണ് ധനകാര്യ വകുപ്പിന്. ഒരു വീടിന് നാല് ലക്ഷം രൂപ പ്രകാരം 90 വീടുകൾക്ക് 3.6 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും തുക അനുവദിക്കാനാവില്ലെന്നും ഒരു വീടിന്റെ പുനരുദ്ധാരണത്തിന് പരമാവധി 50,000 രൂപ അനുവദിക്കാമെന്നാണ് ധനകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായി കിടക്കുന്ന ഫിഷർമെൻ കോളനിയിലെ 120 വീടുകൾ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ പുനരുദ്ധരിക്കാനാണ് പൊന്നാനി നഗരസഭ പദ്ധതി തയ്യാറാക്കിയത്. ഫിഷറീസ് വകുപ്പു മന്ത്രി കോളനിയിലെത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കാമെന്ന് അറിയിച്ചതുപ്രകാരം മെട്രോമാൻ ഇ. ശ്രീധരന്റെ സഹായത്തോടെ ഡി.എം.ആർ.സി തയ്യാറാക്കിയ പദ്ധതിരേഖയാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചത്.
പുനരുദ്ധാരണ പദ്ധതിക്ക് ധനകാര്യ വകുപ്പ് ഉടക്കിട്ട സാഹചര്യത്തിൽ മറ്റു വഴികൾ തേടുകയാണ് നഗരസഭ. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിലൂടെ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് നഗരസഭ ആലോചിക്കുന്നത്. അഞ്ചേക്കർ സ്ഥലത്തെ ഉപയോഗശൂന്യമായ വീടുകൾ പലതും തകർച്ചാ ഭീഷണിയിലാണ്. സാമൂഹ്യവിരുദ്ധ താവളമാണ് കോളനി പരിസരം. മയക്കുമരുന്ന്, കഞ്ചാവ് വിൽപ്പനക്കാരെ കൊണ്ട് പരിസരവാസികൾ ബുദ്ധിമുട്ടുകയാണ്.
കടലാക്രമണവും മറ്റും കാരണം ദുരിതമനുഭവിക്കുന്ന തീരദേശവാസികളെ പുനരധിവസിപ്പിക്കാനായി പത്തുവർഷം മുമ്പാണ് കേന്ദ്രപദ്ധതി പ്രകാരം ഫിഷർമെൻ കോളനിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ഉത്തരേന്ത്യൻ മാതൃകയിലുള്ള വീടുകളായതിനാൽ തീരദേശത്തെ സാഹചര്യങ്ങളോട് ഇണങ്ങുന്നവയായിരുന്നില്ല.
അതിനാൽ ഗുണഭോക്താക്കളാരും കോളനിയിലെ വീടുകളിലേക്ക് താമസം മാറാൻ തയ്യാറായില്ല.
120 വീടുകളാണ്
കോളനിയിലുള്ളത്.
നഗരസഭ ഇടപെടൽ
കോളനിയിലെ വീടുകളുടെ സൗകര്യം വർദ്ധിപ്പിക്കാൻ നഗരസഭയുടെ ആവശ്യപ്രകാരം ഡി.എം.ആർ.സി മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ഇത് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.
വീടുകൾക്കകത്തെ ഇടച്ചുമരുകൾ നീക്കി മുകളിലേക്ക് ഒരു നില കൂടി നീട്ടിയെടുക്കാനായിരുന്നു പ്ളാൻ.
ഒരു വീടിന്റെ പുനരുദ്ധാരണത്തിന് നാല് ലക്ഷം രൂപ ഫിഷറീസ് വകുപ്പ് നൽകുമെന്ന് തത്വത്തിൽ ധാരണയായിരുന്നു.
കോളനിയിലേക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി കാർഡുള്ള 90 പേരെ ഗുണഭോക്താക്കളായി കണ്ടെത്തി.
ഫിഷറീസ് വകുപ്പ് നൽകുന്ന തുകയ്ക്കു പുറമെ കൂടുതലായി ആവശ്യമുള്ള പണം പി. ശ്രീരാമകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും നൽകാനും തീരുമാനിച്ചിരുന്നു.