പൊന്നാനി: പതിനഞ്ചാം വയസിൽ നട്ടെല്ലിനേറ്റ ക്ഷതം കിടക്കയിൽ തളർത്തിയിട്ട ഫൈസലിനെ ജീവിതത്തിലേക്ക് പിടിച്ചുയർത്തിയത് അക്ഷരങ്ങളാണ്. പൊന്നാനി പൊലീസ് സ്റ്റേഷൻ റോഡിലെ കൊച്ചു വീട്ടിലിരുന്ന് എഴുതിയ വരികൾ ഫൈസലിന്റെ ജീവിതത്തിൽ വെളിച്ചം വിതറി. ഹിറ്റായ നിരവധി മാപ്പിളപ്പാട്ടുകളും ആൽബങ്ങളും ഇന്ന് ഫൈസലിന്റേതായുണ്ട്. വീട് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ 2000ത്തിൽ സൺഷേഡ് പൊളിഞ്ഞ് ദേഹത്ത് വീണാണ് ഫൈസലിന് നട്ടെല്ലിന് ക്ഷതമേറ്റത്. പിന്നീടുള്ള ജീവിതം കട്ടിലിലും വീൽചെയറിലുമായി. സുഹൃത്തുക്കളുടെ പ്രേരണയിലാണ് ആദ്യമായി പാട്ടെഴുതുന്നത്. ഒരു പാരഡിഗാനം. സുഹൃത്ത് കൊള്ളാമെന്ന് പറഞ്ഞപ്പോൾ ആവേശമായി. ആക്ഷേപഹാസ്യ ഗാനങ്ങളാണ് ആദ്യമെഴുതിയത്. നാദിർഷായുടെ പാരഡിഗാനങ്ങളായിരുന്നു പ്രചോദനം. വെളിയങ്കോട്ടെ പാലിയേറ്റീവ് കെയർ ക്ലിനിക്കായ നോബിൾ സോഴ്‌സ് ഫൈസലിന്റെ പാട്ടുകൾ ഉൾപ്പെടുത്തി ഇങ്ങനെയാണെന്റെ നാട് എന്ന സി.ഡി പുറത്തിറക്കി. ഇതിൽ മമ്മൂട്ടിയെ കുറിച്ചെഴുതിയ പാട്ട് പഴശ്ശിരാജ സിനിമയുടെ പ്രചാരണത്തിന് ഫാൻസുകാർ ഉപയോഗിച്ചു. മമ്മൂട്ടി പാട്ട് കേട്ട് അഭിനന്ദനമറിയിച്ചു.കഴിഞ്ഞ ഐ.എസ്.എൽ ടൂർണമെന്റിന്റെ സമയത്ത് കേരള ബ്ളാസ്റ്റേഴ്സിന്റെ ആരാധകർക്കായി തീം സോംഗ് എഴുതി. സംഗീതം പഠിച്ചിട്ടില്ലെങ്കിലും 85 പാട്ടുകൾക്ക് സംഗീതമൊരുക്കി. കണ്ണൂർ ഷരീഫ്, കൊല്ലം ഷാഫി, അഫ്‌സൽ, വിധു പ്രതാപ്, സലീം കോടത്തൂർ, ജ്യോത്സ്ന, അൻവർ സാദത്ത്, നജീം അർഷാദ് തുടങ്ങിയവർ ഫൈസലിന്റെ വരികൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.
പ്രിയസഖി വന്നതും പാട്ടിന്റെ വഴിയേ
ആദ്യാനുരാഗം എന്ന ആൽബത്തിനെഴുതിയ പാട്ട് കേട്ട് കണ്ണൂരിൽ നിന്ന് അഭിനന്ദിക്കാൻ വിളിച്ച നഫീസത്തുൽ മിസ്‌രിയ പിന്നീട് ഫൈസലിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. 2010 ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹം.പാട്ടെഴുത്തിന്റെ വഴിയിൽ ഇന്ന് ഫൈസലിന്റെ കരുത്തും ഊർജ്ജവുമാണ് വീട്ടമ്മയായ നഫീസത്തുൽ .ഭാര്യയെക്കുറിച്ചെഴുതിയ പാവമാണെന്റെ പെണ്ണ്..., മനസിനൊരു മുറിവായ്.... എന്നീ പാട്ടുകൾ ഏറെ ആസ്വാദക ശ്രദ്ധ നേടി. ജീവിതം വഴിമുട്ടിയ തനിക്കു മുന്നിൽ ദൈവം കാണിച്ച വഴിയാണിതെന്നാണ് ഫൈസലിന്റെ വിശ്വാസം. പിതാവ് പുതുവീട്ടിൽ ഹംസ ബാബുരാജിന്റെ കൂടെയുൾപ്പെടെ പാടിയിട്ടുണ്ട്. വല്യുപ്പ മൊയ്തീൻ ബാവ പാട്ടെഴുത്തുകാരനായിരുന്നു. ആത്മസംതൃപ്തിയോടൊപ്പം ജീവിതമാർഗം കൂടിയാണ് ഫൈസലിന് പാട്ടെഴുത്ത്.സിനിമയ്ക്ക് പാട്ടെഴുതണമെന്ന ആഗ്രഹവും ഫൈസലിനുണ്ട്.