മലപ്പുറം: നിയമസംവിധാനങ്ങൾ ശക്തമാകുമ്പോഴും ജില്ലയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ല. ഈ വർഷം പകുതി പിന്നിട്ടപ്പോൾ 593 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബലാത്സംഗം, ഗാർഹിക പീഡനം, തട്ടിക്കൊണ്ടു പോകൽ കേസുകൾ വർദ്ധിക്കുന്നതായാണ് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ചെറുപ്രായത്തിലുള്ള പെൺകുട്ടികൾക്ക് നേരെയും ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി പോക്സോ കേസുകളുടെ വർദ്ധനവ് തെളിയിക്കുന്നു. ചെറുപ്പക്കാർക്കും കുടുംബനാഥന്മാർക്കുമിടയിലെ ലഹരി ഉപയോഗം സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് തടയിടാനൊരുക്കിയ സംവിധാനങ്ങളൊന്നും വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് കേസുകളുടെ എണ്ണം തെളിയിക്കുന്നത്. അതിക്രമങ്ങൾ തടയാൻ പഞ്ചായത്ത് തലം മുതൽ ആവിഷ്ക്കരിച്ച ജാഗ്രതാ സമിതികളുടെ പ്രവർത്തനവും കാര്യക്ഷമമല്ല. വാർഡംഗം, അംഗൻവാടി പ്രവർത്തക, ഗ്രാമസഭ തിരഞ്ഞെടുത്ത അഞ്ചുപേർ എന്നിവരടങ്ങിയ വാർഡ് തല സമിതി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിവിവരങ്ങൾ വിലയിരുത്തണം. ജില്ലയിൽ ഏതാനം പഞ്ചായത്തുകളിലേ ജാഗ്രതാസമിതി രൂപവത്കരിച്ചിട്ടുളളൂ. ഇതുതന്നെ യഥാവിധി പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിലവിൽ പിങ്ക് പൊലീസിന്റെ പ്രവർത്തനവും ജില്ലയിൽ തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ മലപ്പുറം നഗരത്തിൽ മാത്രമാണ് സേവനം.
ബലാത്സംഗ പരാതിയിൽ വർദ്ധനവ്
ജില്ലയിൽ ജൂൺ വരെ നൂറ് ബലാത്സംഗ പരാതികളുണ്ടായി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തതിൽ രണ്ടാമതാണ് ജില്ല.
തിരുവനന്തപുരത്ത് 135ഉം മലപ്പുറത്ത് 100ഉം കേസുകളുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ ബലാത്സംഗ കേസുകൾ വർദ്ധിച്ചിട്ടുണ്ട്.
2017ൽ ആകെ 71 കേസായിരുന്നു.
സ്ത്രീകളെ ഉപദ്രവിച്ചതിന് 209 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോവൽ - രണ്ട് , പൂവാലശല്യം - 22, സ്ത്രീധന മരണം - 2, ഭർതൃവീട്ടുകാരുടെ പീഡനം 87, മറ്റ് പരാതികൾ 171 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.