water

മലപ്പുറം: പ്രളയാനന്തരം ജലസ്രോതസുകൾ വേഗത്തിൽ വറ്റുന്ന സാഹചര്യത്തിൽ ഓരോ പ്രദേശങ്ങളിലെയും വരൾച്ചാ സാദ്ധ്യത മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന ഡിജിറ്റൽ വാട്ടർ ലെവൽ റെക്കാഡറുകൾ സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ ഉടൻ സ്ഥാപിക്കും. ഭൂജല തോത് കൂടുതൽ കൃത്യതയോടെയും വേഗത്തിലും കണ്ടെത്താൻ സഹായിക്കുന്ന സംവിധാനം ഭൂജലവകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കും. വകുപ്പിന്റെ വിവിധ ജില്ലകളിലുള്ള നിരീക്ഷണ കിണറുകളിലാണ് ഉപകരണം സ്ഥാപിക്കുക.

നിലവിൽ ജീവനക്കാരുടെ സഹായത്തോടെ ഭൂജലവകുപ്പിന്റെ കിണറുകളിൽ മാസത്തിൽ ഒരു തവണയാണ് ജല തോത് പരിശോധിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും നൂറോളം കിണറുകളുണ്ട്. ദുർഘട പ്രദേശങ്ങളിലടക്കം സ്ഥാപിച്ച കിണറുകളിലെ ജലനിരപ്പ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഏറെ പ്രയത്നവും കാലതാമസവും വരുന്നുണ്ട്. ഡിജിറ്റൽ വാട്ടർലെവൽ റെക്കാഡറുകൾ സ്ഥാപിക്കുന്നതോടെ ജീവനക്കാരുടെ സഹായമില്ലാതെ ജല തോത് വേഗത്തിൽ തിട്ടപ്പെടുത്താം. ഏതെല്ലാം ദിവസങ്ങളിൽ പരിശോധിക്കണമെന്നത് ഉപകരണത്തിൽ സെറ്റ് ചെയ്യുന്നതോടെ വിവരങ്ങൾ സെർവറിൽ ലഭ്യമാവും. കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി വിജയകരമെങ്കിൽ കൂടുതൽ പ്രദേശങ്ങളിൽ ഉപകരണം സ്ഥാപിക്കും. ഒരു ഉപകരണത്തിന് അരലക്ഷം രൂപയാണ് ചെലവ്.

വരൾച്ചയുടെ കാഠിന്യം

പ്രളയാനന്തരം പുഴകളും ജലസ്രോതസുകളും വറ്റുന്ന സാഹചര്യത്തിൽ ഓരോ ജില്ലകളിലെയും ഭൂഗർഭ ജലവിതാന തോത് പരിശോധിച്ച് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഭൂഗർഭജല വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഓരോ നിരീക്ഷണ കിണറുകളിലെയും ജലവിതാന തോത് ജീവനക്കാർ നേരിട്ട്‌ പരിശോധിക്കേണ്ടതിനാൽ ജില്ലാ കേന്ദ്രങ്ങളിൽനിന്ന് റിപ്പോർട്ട് ലഭിക്കാൻ ഏറെ സമയമെടുത്തു. രണ്ടാഴ്ച മുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് പരിശോധിച്ചാലേ വരൾച്ചയുടെ ചിത്രം ലഭ്യമാവൂ. ഇതിന് ഇനിയും സമയമെടുക്കുമെന്നാണ് ജലവകുപ്പ് അധികൃതർ പറയുന്നത്.