പരപ്പനങ്ങാടി: പോസ്റ്ററുകളും കോടിതോരണങ്ങളും വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തീരദേശത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ ബൈക്കും ഓട്ടോറിക്ഷയും അഗ്നിക്കിരയാക്കി. പരപ്പനങ്ങാടി ഒട്ടുമ്മൽ, ആവിയിൽ ബീച്ച് എന്നിവിടങ്ങളിലെ ലീഗ്, സി.പി.എം പ്രവർത്തകരുടെ വാഹനങ്ങളാണ് ഇന്നലെ പുലർച്ചെ കത്തിയ നിലയിൽ കണ്ടെത്തിയത്. ഒട്ടുമ്മൽ ഫിഷറീസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന മുസ്ലിംലീഗ് പ്രവർത്തകനായ പുത്തൻ കമ്മുവിന്റെ ഹുസൈൻ എന്നയാളുടെ ബുള്ളറ്റും സി.പി.എം ആവിയിൽ ബീച്ച് ബ്രാഞ്ച് സെക്രട്ടറി കുന്നുമ്മൽ ജാഫറിന്റെ ഓട്ടോറിക്ഷയുമാണ് അജ്ഞാതർ കത്തിച്ചത്. വീടുകളിൽ നിറുത്തിയിട്ടതായിരുന്നു വാഹനങ്ങൾ. ഒട്ടുമ്മലുള്ള ലീഗ് ഓഫീസ് കഴിഞ്ഞ ദിവസം തകർത്തതോടെ സംഘർഷം വ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാഹനങ്ങൾ നശിപ്പിച്ചതെന്ന് കരുതുന്നു. പ്രദേശത്ത് പൊലീസ് നിരീക്ഷണം കർശനമാക്കി.