നിലമ്പൂർ: വാഹനാപകടം ഇരുൾ പരത്തിയ കുടുംബത്തിന് കൈത്താങ്ങുമായി കെ.ആർ. ഭാസ്കരൻ പിള്ളയെത്തി. കഴുത്തിന് താഴെ തളർന്ന്അഞ്ചുവർഷത്തിലേറെയായി നിലമ്പൂർ വീട്ടിക്കുത്തിലെ വാടകവീട്ടിൽ കഴിയുന്ന ജിനേഷിന്റെ(25) അവസ്ഥയറിഞ്ഞാണ് പാലേമാട് ശ്രീ വിവേകാനന്ദ വിജ്ഞാനകേന്ദ്രം സാരഥി കൂടിയായ ഭാസ്കരൻ പിള്ളയെത്തിയത്. നിലവിൽ വയനാട്ടിലെ പാരമ്പര്യ വൈദ്യന്റെ ചികിത്സയിൽ കഴിയുന്ന ജിനേഷിന്റെ ചികിത്സാച്ചെലവ് ഭാസ്കരൻ പിളള ഏറ്റെടുക്കും. ജിനേഷിനും കുടുംബത്തിനുമായി സ്വന്തമായി വീട് നിർമ്മിക്കാൻ പാലേമാട് അഞ്ചു സെന്റ് സ്ഥലം നൽകും. പാതിവഴിയിൽ ബിരുദപഠനം മുടങ്ങിയ സഹോദരി ജിൻഷയ്ക്ക് സൗജന്യ വിദ്യാഭ്യാസവും സാദ്ധ്യമെങ്കിൽ ജോലിയും ഉറപ്പുനൽകി.
മൂന്നു മാസത്തിലൊരിക്കൽ ജിനേഷിനെ ചികിത്സയ്ക്കായി വയനാട്ടിൽ കൊണ്ടുപോകണം. ഇതിന് ആംബുലൻസ് വേണം. ഈ ചെലവ് ഇപ്പോൾ ചില സന്നദ്ധ സംഘടനകൾ ഏറ്റെടുത്തിട്ടുണ്ട്. ഓരോ തവണയും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചികിത്സയ്ക്കായി മാത്രം പതിനായിരങ്ങൾ വേണം. ഇതിനു പുറമേ വീട്ടുവാടകയും ചെലവുകളും. കൂടുംബം തീരുമാനമറിയിച്ചാലുടൻ ഇതിനെല്ലാമുള്ള നടപടികൾ തുടങ്ങുമെന്ന് ഭാസ്കരൻപിളള പറഞ്ഞു. തന്റെ വിദ്യാഭ്യാസ സ്ഥാപനം വഴി നിരവധി പേർക്ക് കെ.ആർ. ഭാസ്കരൻപിള്ള സൗജന്യ പഠനസൗകര്യം നല്കി വരുന്നുണ്ട്.
കോഴിക്കോട് കാപ്പാട് കണ്ണംകടവ് പരീക്കണ്ണി പറമ്പിൽ വാസവൻ-ജീന ദമ്പതിമാരുടെ മകനാണ് ജിനേഷ്
2013 ജൂലായ് 25ന് ബൈക്കപകടത്തിലാണ് ജിനേഷിന് പരിക്കേറ്റത്.
മൂന്നു മാസത്തിനുള്ളിൽ ഹൃദയാഘാതത്തെ തുടർന്ന് പിതാവ് മരിച്ചതോടെകുടുംബം പ്രതിസന്ധിയിലായി.
ജിനേഷിന്റെ പരിചരണത്തിനായി മാത്രം മാതാവിനും സഹോദരിക്കും നാടു മാറേണ്ടി വന്നു.
വിവിധ കാരുണ്യപ്രവർത്തകരുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്.