തേഞ്ഞിപ്പലം: കൗമാരത്തിന്റെ കുതിപ്പും ആവേശവും ഒത്തുചേരുന്ന ജില്ലാ സ്കൂൾ കായികമേളയ്ക്ക് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ തുടക്കമായപ്പോൾ ആദ്യദിനത്തിൽ കടകശ്ശേരി ഐഡിയലിന്റെ ഏകപക്ഷീയമായ മുന്നേറ്റം. 23 സ്വർണവും 11 വെള്ളിയും അഞ്ച് വെങ്കലവുമായി 153 പോയിന്റോടെ ഐഡിയൽ ബഹുദൂരം മുന്നിലാണ്. രണ്ടുവീതം സ്വർണവും വെള്ളിയും നേടി 16 പോയിന്റുമായി എം.ജി.വി.എച്ച്.എസ്.എസ് തവനൂരും 14 പോയിന്റുമായി സെന്റ് മേരീസ് എച്ച്.എസ്.എസ് പരിയാരവും പിന്നിലുണ്ട്. ഒരുസ്വർണവും മൂന്ന് വെള്ളിയുമാണ് സെന്റ് മേരീസ് നേടിയത്. ഐഡിയലിന്റെ ചിറകിൽ എടപ്പാൾ സബ് ജില്ല ബഹൂദൂരം മുന്നേറിയിട്ടുണ്ട്. 24 സ്വർണവും 14 വെള്ളിയും ആറ് വെങ്കലവുമായി 178 പോയിന്റാണ് എടപ്പാളിന്റെ സമ്പാദ്യം. മൂന്ന് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവുമായി 44 പോയിന്റാണ് തൊട്ടുപിന്നിലുള്ള കിഴിശ്ശേരി സബ് ജില്ല നേടിയത്. രണ്ടാംസ്ഥാനത്തിനായി കടുത്ത വെല്ലുവിളിയാണ് തിരൂർ സബ്ജില്ല കാഴ്ച്ചവെച്ചത്. മൂന്ന് സ്വർണ്ണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 42 പേയിന്റ് നേടി. കുറ്റിപ്പുറം, മങ്കട സബ് ജില്ലകളാണ് ആദ്യ അഞ്ചിലുള്ളത്. ഒരുപോയിന്റുമായി മലപ്പുറം ഉപജില്ലയാണ് ഏറ്റവും പിറകിൽ. ആദ്യദിനത്തിൽ മീറ്റ് റെക്കാഡുകളൊന്നും പിറന്നില്ല. ജില്ലയിലെ പതിനേഴ് ഉപജില്ലകളിൽ നിന്നായി 3,500 ഓളം കായിക പ്രതിഭകളാണ് സർവകലാശാല സ്റ്റേഡിയത്തിൽ മാറ്റുരയ്ക്കുന്നത്. രാവിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ഓഫീസർ പതാക ഉയർത്തിയതോടെ മേളയ്ക്ക് തുടക്കമായി. ഇത്തവണ പ്രളയകെടുതി മൂലം ആർഭാടങ്ങൾ കുറച്ചാണ് മേള നടത്തുന്നത്. മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ മാത്രമാണ് നൽകുക.ട്രോഫികൾ ഉണ്ടാവില്ല.