മലപ്പുറം: ജില്ലയിൽ ഉരുൾപൊട്ടലുകൾ വർദ്ധിച്ചതിന്റെ കാരണങ്ങൾ തേടി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തുന്ന വിദഗ്ദ്ധ പരിശോധന അവസാനഘട്ടത്തിലേക്ക്. രണ്ടാഴ്ച്ചയായി ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ബാംഗളൂരു സെന്ററിലെ ശാസ്ത്രജ്ഞരായ സെന്തിൽ, മോഹൻരാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിവരുന്ന പരിശോധന രണ്ടുദിവസത്തിനകം പൂർത്തിയാവും. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ മണ്ണിന്റെ ഘടനയും ഉരുൾപൊട്ടലിലേക്ക് നയിച്ച കാരണങ്ങളും സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. പാറകളുടെ പ്രത്യേകത, ഭൗമോപരിതലത്തിന്റെ ചെരിവ്, നിർമ്മാണ പ്രവൃത്തികൾ, റബ്ബർ പ്ലാന്റേഷൻ എന്നിവ ഏതെങ്കിലും വിധത്തിൽ ബാധിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. വെറ്റിലപ്പാറയിലാണ് ഇന്നലെ സംഘം പരിശോധിച്ചത്. ഇന്നത്തോടെ ഇവിടെ പൂർത്തിയാക്കി നാളെ ഊർങ്ങാട്ടിരി, എടവണ്ണ മേഖലകൾ സന്ദർശിക്കും. പരിശോധന പൂർത്തിയാവുന്നതോടെ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, സാദ്ധ്യതാ പ്രദേശങ്ങൾ എന്നിവ തിരിച്ച് പ്രത്യേക മാപ്പുണ്ടാക്കും. ഭാവിയിൽ ദുരന്തങ്ങൾ തടയാനുളള നിർദ്ദേശങ്ങളടങ്ങുന്ന പഠനറിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കും. കനത്ത മഴയിൽ അമിതമായി കുതിർന്ന മണ്ണ് ഒന്നടങ്കം താഴേക്ക് ഒലിച്ചതാണ് ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്നും ദുരന്തമുണ്ടായ പ്രദേശങ്ങളിൽ അനധികൃത നിർമ്മാണങ്ങളോ കൈകടത്തലുകളോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് ജിയോളജി വകുപ്പിന്റെ കണ്ടെത്തൽ. അതേസമയം അനധികൃത ഖനനങ്ങളും നിർമ്മാണങ്ങളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നു. ഇക്കാര്യങ്ങളിലടക്കം ശാസ്ത്രീയ പരിശോധന കേന്ദ്രസംഘം നടത്തുന്നുണ്ട്. വിള്ളലുകൾ കൂടുതൽ കണ്ടെത്തിയ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളിൽ വിശദ പരിശോധനയാണ് നടത്തുന്നത്. ദുരന്തമുണ്ടായ ശേഷം ഇവിടങ്ങളിൽ വിദഗ്ദ്ധപരിശോധന നടന്നിരുന്നില്ല.
സെസ് എത്തിയില്ല
സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) സംഘമെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുണ്ടായില്ല.
ജില്ലാ ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്.
ജീവനക്കാരുടെ കുറവ് മൂലം ഇതുതന്നെ യഥാവിധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ഒഴിയാത്ത ഭീതി
പുല്ലങ്കോട്, കേരള എസ്റ്റേറ്റ്, വെറ്റിലക്കൊല്ലി പ്രദേശങ്ങളിൽ മലയോരങ്ങളുടെ താഴ്ഭാഗത്ത് ചിലയിടങ്ങളിൽ മണ്ണും പാറയും ചെറിയ രീതിയിൽ പൊട്ടിനിൽക്കുന്നുണ്ട്.
മഴ ശക്തമായാൽ ഇവ താഴേക്ക് കുത്തിയൊലിച്ച് വരാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലായിരുന്നു.
പ്രളയത്തിന്റെ താണ്ഡവത്തിൽ ഏറെ ദുരിതങ്ങൾ നേരിട്ട നിലമ്പൂർ, ഏറനാട് താലൂക്കുകളിലുമായി ചെറുതും വലുതുമായ പത്തിലധികം ഉരുൾപൊട്ടലുകളും ഉണ്ടായി
കൊണ്ടോട്ടിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു ഒരുകുടുംബത്തിലെ ഏഴ് പേരും മരിച്ചു.