മലപ്പുറം: വീടിന് ഭീഷണിയാകുമെന്ന കാരണത്താൽ മേലാറ്റൂരിൽ റിലയൻസ് സ്ഥാപിക്കുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കാൻ ജില്ലാ ടെലികോം സമിതി ചെയർമാൻ കൂടിയായ ജില്ലാകളക്ടർ അമിത് മീണ നിർദ്ദേശം നൽകി. റിലയൻസ് പുതുതായി സ്ഥാപിക്കുന്ന ടവർ തന്റെ വീടിന് ഭീഷണിയാണെന്ന് കാണിച്ച് മേലാറ്റൂർ സ്വദേശി അബ്ദു സലീമാണ് ജില്ലാ ടെലികോം സമിതിയെ സമീപിച്ചത്. ടവർ നിർമ്മാണത്തിന് അതേ സർവേ നമ്പരിലുള്ള സുരക്ഷിതമായ സ്ഥലം കണ്ടെത്താവുന്നതാണെന്ന് കളക്ടർ നിർദ്ദേശിച്ചു.
ജില്ലയിലെ 12 മൊബൈൽ ടവറുകൾക്ക് ഇന്നലെ കളക്ടറേറ്റിൽ ചേർന്ന ജില്ലാ ടെലികോം സമിതി അനുമതി നൽകി. കുറുവ, പുഴക്കാട്ടിരി, വേങ്ങര, പെരിന്തൽമണ്ണ, കുഴിമണ്ണ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കാവന്നൂർ, എടവണ്ണ, ആനക്കര, ചേലേമ്പ്ര എന്നിവിടങ്ങളിലെ ടവർ നിർമ്മാണത്തിനാണ് അനുമതി നൽകിയത്. വാഴക്കാട്, പുഴക്കാട്ടിരി, മേലാറ്റൂർ എന്നിവിടങ്ങളിലെ ടവർ നിർമ്മാണത്തിനുളള അനുമതി അടുത്ത സിറ്റിംഗിൽ പരിഗണിക്കും. പുഴക്കാട്ടിരിയിലെ ടവർ നിർമ്മാണം ഭൂനിയമങ്ങൾ ലംഘിച്ചാണെന്ന നാട്ടുകാരുടെ പരാതി വിശദമായി പരിശോധിക്കും. വളവന്നൂരിലെ റിലയൻസിന്റെ ടവർ നിർമ്മാണം ട്രിബ്യൂണൽ വിധി വന്ന ശേഷമേ പരിഗണിക്കാനാവൂ എന്ന് കളക്ടർ അറിയിച്ചു. ടവറിൽ നിന്നുള്ള വികിരണം സംബന്ധിച്ച ആശങ്കകളാണ് സമിതിക്ക് മുന്നിൽ ഏറെയും വന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് അസി. എക്സി. എൻജിനീയർ വരുൺ നാരായണൻ, ആരോഗ്യ വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റന്റ് വേലായുധൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ആഗോള മാനദണ്ഡത്തിന്റെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയിൽ മൊബൈൽ ടവറുകളുടെ വികിരണം. ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ സുതാര്യമായ സംവിധാനങ്ങളുണ്ട്. പരാതികളുണ്ടെങ്കിൽ വികിരണം പരിശോധിച്ച് സേവനദാതാക്കൾക്കെതിരെ നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്
എസ്. ഹരികൃഷ്ണൻ ,
അസി. ഡയറക്ടർ ജനറൽ,
ടെലികോം എൻഫോഴ്സ്മെന്റ് ആൻഡ് റിസോഴ്സ് മോണിറ്ററിംഗ് സെൽ