തേഞ്ഞിപ്പലം: രണ്ട് ദിനങ്ങളിലായി കാലിക്കറ്റ് സർവകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൊടിയിറങ്ങിയപ്പോൾ ചാമ്പ്യൻ കിരീടം മുറുകെ പിടിച്ച് ഐഡിയൽ കടകശ്ശേരിയുടെ മിന്നുംജയം. 47 സ്വർണവും 20 വെള്ളിയും ആറ് വെങ്കലവുമായി 301 പോയിന്റ് നേടിയ ഐഡിയൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ 36 പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്. നാല് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലുമാണ് തവനൂരിന്റെ സമ്പാദ്യം. മൂന്ന് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി 30 പോയിന്റോടെ സെന്റ് മേരീസ് എച്ച്.എസ്.എസ് പരിയാപുരം മൂന്നാംസ്ഥാനത്തുണ്ട്. 24 പോയിന്റുമായി സി.എച്ച്.എം.കെ.എം.എച്ച്.എസ് കാവന്നൂർ നാലാമതും 20 പോയിന്റുമായി എച്ച്.എസ്.എസ് പന്തല്ലൂർ അഞ്ചാം സ്ഥാനത്തുമാണ്. 77 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരിച്ചത്.
ഐഡിയൽ കടകശ്ശേരിയുടെ മികവിൽ എടപ്പാൾ സബ് ജില്ലയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം ചൂടിയത്. 351 പോയിന്റാണ് എടപ്പാളിന്റേതെങ്കിൽ ഇതിൽ 301 പോയിന്റും ഐഡിയലിന്റെ താരങ്ങളാണ് നേടിയത്. 71 പോയിന്റുമായി കിഴിശ്ശേരി സബ്ജില്ല രണ്ടാമതും 59 പോയിന്റുമായി മങ്കട മൂന്നാമതുമെത്തി. തിരൂരും അരീക്കോടുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. 17 സബ് ജില്ലകൾ പങ്കെടുത്ത മത്സരത്തിൽ ഏഴ് പോയിന്റുമായി പരപ്പനങ്ങാടിയാണ് ഏറ്റവും പിന്നിൽ. മലപ്പുറം, പെരിന്തൽമണ്ണ സബ് ജില്ലകൾക്ക് എട്ട് പോയിന്റ് വീതമാണുള്ളത്.
സബ് ജൂനിയർ ബോയ്സിൽ 200, 100 മീറ്റർ, ലോംഗ് ജമ്പുകളിൽ സ്വർണവേട്ടയുമായി ഐഡിയലിന്റെ കെ. മുഹമ്മദ് നാസിഹ് വ്യക്തിഗത ചാമ്പ്യനായി. സബ് ജൂനിയർ ഗേൾസിൽ ഐഡിയലിന്റെ തന്നെ റിറ്റി പി.രാജു 600, 200, 400 മീറ്ററുകളിൽ ഒന്നാമതെത്തി ചാമ്പ്യൻപട്ടം കരസ്ഥമാക്കി.
ജൂനിയർ ബോയ്സിൽ കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂരിന്റെ ടി. ശ്രീരാഗും ജൂനിയർ ഗേൾസിൽ ഐഡിയലിന്റെ എം.പി. ലിഗ്നയും സീനിയർ ബോയ്സിൽ ഐഡിയലിന്റെ മുഹമ്മദ് സെയ്ഫും സീനിയർ ഗേൾസിൽ ഐഡിയലിന്റെ അശ്വതി ബിനുവും ചാമ്പ്യൻമാരായി.