sisters
നസ്രിയയും നൗഫിയയും

പൊന്നാനി: നൗഫിയയും നസ്രിയയും. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ശരീരം തളർത്തിയ സഹോദരിമാർ. പരസഹായമില്ലാതെ എഴുന്നേൽക്കാനാവില്ല. പക്ഷേ, വീൽചെയറിലിരുന്ന് വരകളിൽ വർണ വിസ്മയം തീർക്കും. മധുരമായി പാടും. പഠിക്കാൻ മിടുമിടുക്കർ. വിധിയെ മാറ്റി നിറുത്തി ജീവിതത്തിന് നിറം ചാർത്താൻ മത്സരിക്കുകയാണിവർ.

ചങ്ങരംകുളം കക്കിടിപ്പുറം ബി.പി അങ്ങാടിയിൽ പെയിന്റിംഗ് ജോലിക്കാരൻ അഷറഫിന്റെയും ഫൗസിയയുടെയും മക്കളാണ് 16കാരി നൗഫിയയും 14കാരി നസ്രിയയും. ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ശരീരവളർച്ച മുരടിക്കുന്ന രോഗം രണ്ടു പേരിലും തിരിച്ചറിഞ്ഞിരുന്നു. ചികിത്സയില്ലാത്ത രോഗം വളരും തോറും തളർത്തിയെങ്കിലും കഴിവുകളെ തളർത്തിയിടാൻ ഇരുവരും തയ്യാറായില്ല.

ഏത് കാൻവാസിലും ഇവർ വരയ്ക്കും. നിറക്കാഴ്ചകൾ മൺകലങ്ങളിലും ഗ്ലാസിലും വരെ വിടരും. ക്രാഫ്റ്റ് വർക്കുകളിലും ഡിസൈനിംഗിലും പ്രതിഭ തെളിയിച്ചു. രണ്ടു പേരും ഒരുമിച്ചാണ് പ്രവൃത്തികളിൽ ഏർപ്പെടുക. ഒരാൾക്ക് കഴിയാത്തത് മറ്റേയാൾ ചെയ്യും. പ്രദർശനങ്ങളുമൊരുക്കിയിട്ടുണ്ട്.

ഏഴാം ക്ലാസ് വരെ വീട്ടിൽ വച്ചായിരുന്നു പഠനം. തങ്ങൾക്കും സ്ക്കൂളിൽ പോയി പഠിക്കണമെന്ന ആവശ്യവുമായി ഇവർ ഫേസ്‌ബുക്കിലിട്ട കുറിപ്പ് വായിച്ച സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് അഫ്സൽ പൂക്കരത്തറ ദാറുൽഹിദായ ഹയർ സെക്കൻഡറി സ്കൂളിൽ പഠനത്തിന് സൗകര്യമൊരുക്കി. അവിടെ എട്ടാം ക്ലാസിലാണ് ഇരുവരും. എട്ടുകിലോമീറ്റർ അകലെയാണ് സ്കൂൾ. വീൽചെയറിലിരുത്തി ഓമ്നി വാനിലാണ് കുട്ടികളെ അച്ഛൻ സ്കൂളിൽ കൊണ്ടുപോവുന്നത്.

നസ്രിയ മികച്ച മാപ്പിളപ്പാട്ട് ഗായികയാണ്. സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുത്ത് ശ്രദ്ധ നേടിയിരുന്നു. സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാംസ്ഥാനത്തെത്തി. ഉപജില്ല കലോത്സവത്തിനൊരുങ്ങുകയാണിപ്പോൾ.

പുസ്തകങ്ങളെയും വല്ലാതെ സ്നേഹിക്കുകയാണിവർ. ദാരിദ്ര്യത്തിനിടയിലും വീട്ടിലൊരു ലൈബ്രറി ഇവർക്കായി അച്ഛൻ ഒരുക്കിയിട്ടുണ്ട്. കളക്ടറാവാൻ നസ്രിയയ്ക്കും സോഫ്റ്റ്‌വെയർ എൻജിനിയറാവാൻ നൗഫിയയ്ക്കും മോഹം. ആ ഉയരത്തിലേക്ക് പറന്നെത്താൻ ഉറപ്പുള്ള മനസുണ്ട് ഇരുവർക്കും.