മലപ്പുറം: കോഴി വിലവർദ്ധനയുടെ ഗുണം കേരളത്തിലെ കോഴിക്കർഷകർക്ക് ലഭിക്കാതിരിക്കാൻ തമിഴ്‌നാട്ടിലെ വൻകിട ഫാം ലോബി മൊത്തവില കുത്തനെ കുറച്ചു. തമിഴ്‌നാട്ടിലെ സ്റ്റോക്ക് നാമമാത്രമായതോടെ മൂന്ന് ദിവസത്തിനിടെ 50 രൂപ കുറച്ച് ഇന്നലെ കിലോയ്ക്ക് 90 രൂപയ്ക്കാണ് കോഴി നൽകിയത്. എന്നാൽ ചില്ലറ വിപണിയിൽ ഇതിനാനുപാതികമായി വില കുറഞ്ഞിട്ടില്ല.
പ്രളയത്തെ തുടർന്ന് കേരളത്തിലെ മൂന്ന് ലക്ഷത്തോളം ഫാമുകളിൽ നല്ലൊരു പങ്കും അടച്ചിട്ടതോടെ വിപണിയിൽ തമിഴ്‌ലോബിയുടെ അപ്രമാദിത്വമാണ്. കേരളത്തിലെ ഫാമുകളിലെ കോഴികൾ ഒരാഴ്ചയ്ക്കുള്ളിൽ വിപണിയിലെത്തും. മികച്ച വില ലഭിച്ചാൽ പ്രതിസന്ധിയിലായ കോഴിഫാം മേഖലയ്ക്ക് ഉണർവുണ്ടാവും. നഷ്ടം മൂലം അടച്ചിട്ട 70,000ത്തോളം ഫാമുകളും സജീവമാകുന്നതോടെ വിപണിയിലെ മേൽക്കോയ്‌മ തമിഴ്‌ലോബിക്ക് നഷ്ടമാവും. ഇതിന് തടയിടാനാണ് മൊത്തവിതരണക്കാരുമായി ഒത്തുകളിച്ച് വില കുറച്ചുള്ള തന്ത്രം. തമിഴ് ലോബി നിശ്ചയിക്കുന്ന വില പ്രകാരമാണ് കേരളത്തിലെ ഫാമുകളിൽ നിന്ന് മൊത്തവിതരണക്കാർ കോഴികളെ വാങ്ങുന്നത്. 40 ദിവസം കഴിഞ്ഞാൽ കോഴികളെ ഫാമുകളിൽ നിറുത്തുന്നത് തീറ്റയിനത്തിൽ വലിയ ചെലവ് വരുത്തും.
പ്രളയശേഷം കേരളത്തിലെ മിക്ക ഫാമുകളിലും ഒരേസമയമാണ് കോഴികളെ ഇറക്കിയതെന്നതിനാൽ വിപണിയിലും ഒന്നിച്ചെത്തും. ഇതു ഭയന്ന്, മൊത്തവിതരണക്കാർ പറയുന്ന വിലയ്ക്ക് കോഴിയെ നൽകാൻ ചെറുകിട കർഷകർ നിർബന്ധിതരാവുകയാണ്.
കണക്കുകൂട്ടിയുള്ള കളി
കേരളത്തിലേക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകുന്നത് തമിഴ്‌നാട്ടിലെ വൻകിട ഫാമുകളുടെ കൂട്ടായ്‌മയായ തമിഴ്‌നാട് ബ്രോയിലേഴ്സ് കോ ഓർഡിനേഷനാണ്. കേരളത്തിലേക്കയച്ച കോഴിക്കുഞ്ഞുങ്ങളുടെ എണ്ണവും ഇവ വിപണിയിലെത്തുന്ന സമയവും തമിഴ്‌ലോബിക്ക് കൃത്യമായി കണക്കാക്കാനാവും. കേരളത്തിൽ ഉത്പാദനം കൂടുമ്പോൾ തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിക്ക് വില കുറയ്ക്കും. വലിയ തോതിൽ വില കുറയുന്നതോടെ ഫ്രോസൻ ചിക്കനാക്കി സ്റ്റോറേജുകളിലേക്ക് മാറ്റും. അതേസമയം നഷ്ടം സഹിച്ചും കേരളത്തിലെ കർഷകർക്ക് കോഴിയെ വിൽക്കേണ്ടിവരും.
ചെലവിൽ അന്തരം
കേരളത്തിലേക്കുള്ള കോഴിക്കുഞ്ഞിന് 40 രൂപ ഈടാക്കുമ്പോൾ തമിഴ്‌നാട്ടിൽ 17 രൂപ മതി. തീറ്റയ്ക്ക് കിലോയ്ക്ക് മുപ്പതെങ്കിൽ തമിഴ്‌നാട്ടിൽ 18 രൂപയും. ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ കേരളത്തിൽ 78 രൂപ ചെലവാകുമ്പോൾ തമിഴ്‌നാട്ടിൽ 55 രൂപയാണ്.