മലപ്പുറം: മതരഹിത സമൂഹത്തെ സൃഷ്ടിക്കാനുള്ള സി.പി.എം നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് മലപ്പുറത്ത് ചേർന്ന മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം വ്യക്തമാക്കി. കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചുള്ള പത്താംക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ പാഠഭാഗവും പോർച്ചുഗീസ് വിരുദ്ധപോരാട്ടത്തിന്റെ ചരിത്രം പറയുന്ന കാവ്യസമാഹാരം ഫത്ഹുൽമുബീനെക്കുറിച്ചുള്ള പഠനവും ചരിത്രഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീനെക്കുറിച്ചുള്ള പഠനക്കുറിപ്പും സർക്കാർ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കി. സമാനമായത് കൂട്ടിച്ചേർത്തില്ല. മതരഹിത സമൂഹത്തെ സൃഷ്ടിച്ച് തങ്ങളുടെ ആദർശങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നിൽ. ഇത്തരം ഫാസിസ്റ്റ് നിലപാടുകൾ കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്ക് സമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് കോക്കൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ജില്ല ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് , എം.എൽ.എമാരായ അഡ്വ. കെ.എൻ.എ. ഖാദർ, പി.കെ. അബ്ദുറബ്ബ്, പി. അബ്ദുൽഹമീദ്, അഡ്വ. എം. ഉമ്മർ, പി. ഉബൈദുളള, ടി.വി. ഇബ്രാഹിം, ജില്ലാ ഭാരവാഹികളായ കൊളത്തൂർ ടി. മുഹമ്മദ് മൗലവി, എം.കെ. ബാവ, എം.എ. ഖാദർ, എം. അബ്ദുളളക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദലി, സലീം കുരുവമ്പലം, ഉമ്മർ അറയ്ക്കൽ, ഇസ്മയിൽ പി. മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാൻ, നൗഷാദ് മണ്ണിശ്ശേരി, അഡ്വ. നാലകത്ത് സൂപ്പി, എം.പി.എം. ഇസ്ഹാഖ് കുരിക്കൾ, കെ.മുഹമ്മദുണ്ണിഹാജി, കെ.പി. മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.