l
.

തിരൂർ: നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാൻ തിരൂർ നഗരസഭ സമഗ്ര മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കുന്നു. ഒന്നാം ഘട്ടത്തിൽ റിസോഴ്‌സ് റിക്കവറി സൗകര്യവും തുമ്പൂർമൂഴി മാതൃകയിലുള്ള ജൈവമാലിന്യസംസ്‌കരണ സംവിധാനവുമാണ് സജ്ജീകരിക്കുന്നത്. ഇരുസംവിധാനങ്ങളുടെയും ശിലാസ്ഥാപനം ഇന്ന് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിക്കും. രാവിലെ 9.30ന് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ പരിസരത്താണ് ശിലാസ്ഥാപന ചടങ്ങ്. സി. മമ്മൂട്ടി എം.എൽ.എ അദ്ധ്യക്ഷനാകും. വി അബ്ദുറഹ്മാൻ എം.എൽ.എയാണ് മുഖ്യാതിഥി. നഗരത്തിലെ മാലിന്യശേഖരണത്തിന് പുറമെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനും പൊതുസ്ഥാപനങ്ങളിലെ ജൈവമാലിന്യം വളമാക്കുന്നതിനും പദ്ധതിയുണ്ട്. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ലക്ഷങ്ങൾ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരൂർ മാർക്കറ്റിലേത് ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിലെ മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ കെ. ബാവ വ്യക്തമാക്കി.