മലപ്പുറം: കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുമ്പോഴും ജില്ലയിലെ പോക്സോ കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 1,029 കേസുകളുണ്ടായപ്പോൾ 600 കേസുകളിൽ നടപടികളുണ്ടായിട്ടില്ല. കുട്ടികൾക്കായി സ്പെഷൽ കോടതി സ്ഥാപിക്കണമെന്ന് പോക്സോ നിയമത്തിൽ പറയുന്നുണ്ടെങ്കിലും ജില്ലയിൽ ഇത് തുടങ്ങിയിട്ടില്ല. ജില്ലാ കോടതിയിൽ ജഡ്ജിയുടെ തസ്കിക അഞ്ച് മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. 26 കേസുകളുമായി ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ മാസമാണ്. ഈ വർഷം സെപ്തംബർ വരെ 234 കേസുകളുണ്ടായി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കേസുകൾ ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ലൈംഗിക പീഡനത്തിന് ഇരയാവുന്ന കുട്ടികളിൽ കൂടുതലും 11നും 15നും ഇടയിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ഈ പ്രായപരിധിയിൽപ്പെട്ട 83 പെൺകുട്ടികളും 24 ആൺകുട്ടികളും ലൈംഗിക പീഡനത്തിനിരയായി. അഞ്ച് വയസിന് താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിച്ച അഞ്ച് കേസുകളുമുണ്ട്. 16നും 18നും ഇടയിൽ 33 കുട്ടികളും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പീഡനക്കേസുകളിൽ പ്രതികളായിരുന്നവർ പലരും കുട്ടികളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നവരാണ്. വേണം കൂടുതൽ സൗകര്യങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള ജില്ലയാണ് മലപ്പുറം. ഒന്നിനും 15നും ഇടയിൽ 18 ലക്ഷത്തോളം കുട്ടികളുണ്ട്. സംസ്ഥാനത്ത് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ രണ്ടാംസ്ഥാനത്താണ് ജില്ല. സൗകര്യങ്ങളുടെ അപര്യാപ്തത പോക്സോ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൂന്ന് സ്ഥിരം ചൈൽഡ് വെൽഫെയർ കമ്മിറ്റികളും ഇരകളായ കുട്ടികളെ താമസിപ്പിക്കാൻ കൂടുതൽ സൗകര്യങ്ങളുംം വേണമെന്ന ആവശ്യവും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ആകെ അഞ്ച് പേരാണുള്ളത്. ഇതിൽ തന്നെ ഒരാളുടെ ഒഴിവുണ്ട്. നാഷണൽ ക്രൈം റെക്കാഡ് ബ്യൂറോയുടെ പഠനത്തിൽ പോക്സോ കേസുകളിൽ 90 ശതമാനം കുട്ടികളും ഇരകളായത് സ്വന്തം വീട്ടിലും പരിസരങ്ങളിലും വച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും മൊഴിയെ സ്വാധീനീക്കാനുള്ള സാദ്ധ്യതയും മുൻനിറുത്തിയാണ് ഇരകളായ കുട്ടികളെ താമസിപ്പിക്കാൻ കൂടുതൽ സൗകര്യങ്ങൾ വേണമെന്ന ആവശ്യം ഉയർത്തുന്നത്. പോക്സോ കേസുകൾ 2012 -12 2013 - 9 2014 -117 2015 - 194 2016 - 244 2017 - 219 2018 - 234 "പോക്സോ കേസുകളുടെ വേഗത്തിലുള്ള നടത്തിപ്പിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. സ്പെഷൽ കോടതികളുടെ അഭാവം കേസുകൾ കെട്ടിക്കിടക്കാൻ കാരണമാണ്. " എം. മണികണ്ഠൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ, ഇൻചാർജ്ജ്