മലപ്പുറം: ജില്ലയിൽ ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ മുഴുവൻ ഭൂമിയും നടപടികൾ പൂർത്തിയാക്കി 2019 ഫെബ്രുവരി 28നകം ദേശീയപാത വിഭാഗത്തിന് കൈമാറുമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഡിസംബർ 31നകം 60 ശതമാനം ഭൂമിയുടെയും കൈമാറ്റം സംബന്ധിച്ച് അന്തിമ വിജ്ഞാപനമുണ്ടാവും. 2019 ജനുവരി അവസാനത്തോടെ നൂറു ശതമാനവും പൂർത്തിയാവും. ആദ്യ ഹിയറിംഗ് തിരൂർ താലൂക്കിൽ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഗുണഭോക്താവിന് നഷ്ടപ്പെടുന്ന ഭൂമിയുടെ ക്യത്യമായ വിവരങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതിന് ഹിയറിംഗ് നടത്തും. നാല് താലൂക്കുകളിലെഹിയറിംഗാണ് ആദ്യഘട്ടത്തിൽ നടക്കുക. പരിപാടിക്ക് നവംബർ 15ന് തിരൂരിൽ തുടക്കമിടും. ഹിയറിംഗിൽ ഗുണഭോക്താവിന് നഷ്ടപ്പെടുന്ന മുഴുവൻ നഷ്ടങ്ങൾക്കും നൽകുന്ന തുക സംബന്ധിച്ച് ബോദ്ധ്യപ്പെടുത്തും. മരങ്ങളുടെയും കാർഷിക നഷ്ടത്തിന്റെയും തുക, ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ തുകഎന്നിവയാണ് ബോദ്ധ്യപ്പെടുത്തുക. തുടർന്നേ ഗുണഭോക്താവിന് നൽകുന്ന തുക സംബന്ധിച്ചുള്ള അന്തിമപ്രഖ്യാപനമുണ്ടാവു. തിരൂർ താലൂക്കിന്റെ പരിധിയിലെ വില്ലേജുകളിലെ ഭൂമിവില നിശ്ചയിക്കാൻ ഗുണഭോക്താക്കളുടെ സിറ്റിംഗ് നവംബർ 15 മുതൽ ഡിസംബർ 15 വരെ കോട്ടയ്ക്കൽ ദേശീയപാത വിഭാഗം ഓഫീസിൽ നടക്കും. വില നിശ്ചയിച്ചുള്ള പ്രഖ്യാപനം ഡിസംബർ 30നും നടക്കും. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ ഹിയറിംഗ് ഡിസംബർ ഒന്ന് മുതൽ 30 വരെയുള്ള തീയതികളിൽ തിരൂരങ്ങാടി മിനി സിവിൽസ്റ്റേഷനിൽ നടക്കും. വില പ്രഖ്യാപനം ജനുവരി 15നാണ്. പൊന്നാനി താലൂക്കിലേത് പൊന്നാനി സിവിൽ സ്റ്റേഷനിലുള്ള ദേശീയപാത സ്ഥലമെടുപ്പ് സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ ഡിസംബർ 15 മുതൽ ജനുവരി 15 വരെയായി നടക്കും. വില പ്രഖ്യാപനം ജനുവരി 30നാണ്. തിരൂർ പരിധിയിലെ ഭൂമി ജനുവരി 15നകവും തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ ഭൂമി ജനുവരി 31നകവും പൊന്നാനിയിലേത് ഫെബ്രുവരി 15 നകവുമാണ് കൈമാറുക. ഭൂമിയുടെ ന്യായവില റവന്യൂ വകുപ്പാണ് നിശ്ചയിക്കുക. ഗ്രാമത്തിൽ ഭൂമിക്ക് ആധാരവിലയുടെ 2.4 മടങ്ങും മുനിസിപ്പാലിറ്റിയിൽ രണ്ട് മടങ്ങും നൽകും. ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ചു കിലോമീറ്റർ പരിധിയിൽ സമാനമായ ഭൂമിക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വിൽപ്പന നടന്നിട്ടുള്ള ഭൂമിയുടെ ആധാരങ്ങൾ പരിശോധിച്ചു ഏറ്റവും കൂടുതൽ വില കാണിച്ച പകുതി ആധാരങ്ങളുടെ ശരാശരി വിലയാണ് ഭൂമി വിലയായി നിശ്ചയിക്കുക. ഇതിന്റെ 2. 4 മടങ്ങാണ് നൽകുക.
ന്യായവില നിർണ്ണയം
നെല്ല് ഉൾപ്പെടെയുള്ള ഇടക്കാല വിളകളൊഴിച്ച് ബാക്കി എല്ലാ വിളകൾക്കും കാർഷികവകുപ്പ് വില നിശ്ചയിക്കും. അതിന്റെ ഇരട്ടി തുക ഗുണഭോക്താവിന് നൽകും.
മരങ്ങളുടെ വില സോഷ്യൽ ഫോറസ്ട്രി വകുപ്പ് നിശ്ചയിക്കും. മരത്തിന്റെ വണ്ണവും പ്രായവും കണക്കിലെടുത്ത് ഇരട്ടി തുക നൽകും
. കെട്ടിടങ്ങളുടെ കേന്ദ്രനിരക്കിലുള്ള 2018 ലെ നിർമ്മാണ ചെലവിന്റെ ഇരട്ടിത്തുകയാണ് നൽകുക. സ്ക്വയർ ഫീറ്റ് ഒന്നിന് പരമാവധി 4,200 രൂപ വരെ ലഭിക്കും.
വാണിജ്യ സ്ഥാപനങ്ങൾക്ക് ഇതിലും കൂടിയ നിരക്ക് ലഭിക്കും.