തിരൂർ: ജില്ലാ ആശുപത്രിയിൽ ഓങ്കോളജി കേന്ദ്രത്തിനായുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി 36 കോടി വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റേഡിയോ തെറാപ്പി, കീമോ, സർജിക്കൽ ഓങ്കോളജി, ലീനിയർ ആക്സിലറേറ്റർ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഓങ്കോളജി സെന്റർ സ്ഥാപിക്കപ്പെടുക.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കാൻസർ ബാധിതർക്ക് കേന്ദ്രം പ്രയോജനപ്പെടും. കേന്ദ്രം സജ്ജമാകുന്നതോടെ സ്റ്റാഫ് പാറ്റേൺ സർക്കാർ അനുവദിക്കും. നിലവിൽ പ്രതിവർഷം 7,000ത്തോളം പേർ തിരൂർ ജില്ലാ ആശുപത്രിയിൽ കാൻസർ ചികിത്സ തേടിയെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിപുലമായ സൗകര്യങ്ങളോടെ ഓങ്കോളജി സെന്റർ സ്ഥാപിക്കാൻ ആരോഗ്യവകുപ്പ് തുക അനുവദിച്ചത്. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിൽ ഓങ്കോളജി കേന്ദ്രങ്ങൾ പ്രത്യേകമായി സ്ഥാപിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നബാർഡ് മുഖേന 36 കോടി ലഭ്യമാക്കിയത്.
തിരൂർ ജില്ലാആശുപത്രി കോമ്പൗണ്ടിലെ പ്രധാന ആശുപത്രി കെട്ടിടത്തിന് പിറകിലായാണ് സെന്റർ ഒരുക്കുക. പൈലിംഗ് പ്രവൃത്തികൾ പൂർത്തീകരിച്ച് കെട്ടിട നിർമ്മാണ പ്രവൃത്തികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
ജില്ലയ്ക്ക് ആശ്വാസമേറെ
ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരേയുളളൂ. കീമോ തെറാപ്പിക്കും സംവിധാനമുണ്ട്. എന്നാൽ റേഡിയോ തെറാപ്പി അടക്കമുള്ള സൗകര്യങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം ആർ.സി.സി, തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് പല കേസുകളും റഫർ ചെയ്യുന്നത്. പുതിയ കേന്ദ്രം വരുന്നതോടെ കാൻസർ രോഗികൾക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ തന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാകും.