തിരൂർ : ടൂറിസ്റ്റ് ഹോമുകളിൽ മുറിയെടുത്ത് ടി.വി. മോഷ്ടിക്കൽ തുടർക്കഥയാക്കി പൊലീസിന് തലവേദനയായ പാലക്കാട് കോങ്ങാട് കക്കയംകോട് ഹൗസിൽ ശിവകുമാറിനെ (39) തിരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു തുടങ്ങി. .കോയമ്പത്തൂരിൽ പിടിയിലായ ഇയാളെ ഇന്നലെ വൈകിട്ടാണ് തിരൂരിലെത്തിച്ചത്. എത്ര ടി.വികൾ ഇതുവരെ കവർന്നെന്ന് ഓർമ്മയില്ലെന്നാണ് ശിവകുമാർ പൊലീസിനോട് പറഞ്ഞത്. മോഷ്ടിച്ച ടി.വികൾ തൊട്ടടുത്ത് തന്നെയുള്ള സർവ്വീസ് സെന്ററിൽ കുറഞ്ഞ വിലയ്ക്ക് വിറ്റ് അടുത്ത കേന്ദ്രത്തിലേക്ക് പോകുന്നതാണ് രീതി. വീട്ടിൽ ആർക്കെങ്കിലും സുഖമില്ലെന്ന് പറഞ്ഞാണ് ടി.വി വിൽക്കുക. ഉന്നത കുടുംബാംഗമായ പ്രതിയെ തട്ടിപ്പ് കൊണ്ട് വീട്ടിൽ നിന്നും തഴഞ്ഞതാണ്. സി.സി ടി.വി ദൃശ്യങ്ങളിൽ കുടുങ്ങിയതിനെ തുടർന്നാണ് പൊലീസ് പ്രതിക്കായി വല വീശിയത്.