നിലമ്പൂർ: നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ടു പേർ നിലമ്പൂർ പൊലീസിന്റെ പിടിയിലായി. മമ്പാട് കോളേജ് റോഡിൽ പത്തായക്കടവൻ വീട്ടിൽ മുഹമ്മദ് ഹബീബ് എന്ന ഇൻവെർട്ടർ ഹബീബ്, അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ചക്കുങ്ങൽ ലുഖ്മാനുൽ ഹക്കീം എന്ന ഉടായിപ്പ് ഹക്കീം എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 27ന് മമ്പാട് ഫ്രണ്ട്സ് ക്ലബിന്റെ വാതിൽ കുത്തിത്തുറന്ന് ഇൻവെർട്ടർ യൂണിറ്റും ബാറ്ററിയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഹബീബിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ലുഖ്മാനുലിന്റെ പങ്കാളിത്തവും കണ്ടെത്തിയത്. തുടർന്ന് ഇയാളെയും പിടികൂടി. ഇവരുടെ അറസ്റ്റോടെ നിരവധി മോഷണങ്ങൾക്കാണ് തുമ്പുണ്ടായത്. ചളിപ്പാടം സ്വദേശിയുടെ കടയിൽ നിന്നും വാട്ടർ പമ്പ്, വണ്ടൂർ സ്വദേശിയുടെ വീട്ടുമുറ്റത്തുനിന്നം ഒട്ടുപാൽ, മക്കരപറമ്പ് സ്വദേശിയുടെ ഒരു ക്വിന്റൽ അടക്ക തുടങ്ങി നിരവധി മോഷണങ്ങൾ ഇവർ നടത്തിയതായി പൊലീസ് പറഞ്ഞു. മോഷണമുതലുകളും പൊലീസ് കണ്ടെടുത്തു. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ റസിയ ബംഗാളത്ത്, എസ്.ഐ അഷ്റഫ്, എ.എസ്.ഐ മനോജ് കുമാർ, ഗിരീഷ് കുമാർ, കെ.മുഹമ്മദ് ഷാഫി, എ. റിയാസ്, ഫിനോസ്, ഷീബ, നിലമ്പൂർ ഷാഡോ ടീമിലെ ടി.ശ്രീകുമാർ, സുരേഷ് ബാബു, ഷാഫി, ഇ.ജി.പ്രദീപ് എന്നിവരാണ് പ്രതിയെ പിടികൂടിയതും തുടരന്വേഷണം നടത്തുന്നതും.