തേഞ്ഞിപ്പലം: പാചകവാതകം നിറച്ച ടാങ്കർ ലോറികൾ അനധികൃതമായി ദേശീയപാതയിൽ പാർക്ക് ചെയ്യുന്നത് ഭീതി പരത്തുന്നു. മംഗലാപുരത്ത് നിന്നും മറ്റും എത്തുന്ന കൂറ്റൻ ബുള്ളറ്റ് ടാങ്കറുകളാണ് പകൽസമയത്ത് പൊരിവെയിലിൽ അനധികൃതമായി മണിക്കൂറുകളോളം ദേശീയപാത കോഹിനൂരിൽ പാർക്ക് ചെയ്യുന്നത്. ഇവയ്ക്ക് യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാർക്കിംഗ് നിരോധിത മേഖലയാണെങ്കിലും ബുള്ളറ്റ് ടാങ്കറുകൾക്ക് ഇതൊന്നും ബാധകമല്ല. ഇവിടെ നിന്ന് 500 മീറ്റർ അകലെ പാണമ്പ്രയിൽ ബുള്ളറ്റ് ടാങ്കർ ലോറി മറിഞ്ഞതിന്റെ ഭീതി നാട്ടുകാരിൽ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല. അപകടത്തെ തുടർന്ന് സമീപത്തുളളരെ മാറ്റുകയും രണ്ട് കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാനിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ഒരു ഡ്രൈവർ മാത്രമായി ഓടുന്ന ടാങ്കറുകളെ നാട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽ തടഞ്ഞിരുന്നു. ദേശീയപാതയിലെ ഇത്തരം പാർക്കിംഗ് പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാരുടെ ആരോപിക്കുന്നു.