വളാഞ്ചേരി: വട്ടപ്പാറയിൽ ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അനുവദിച്ച സ്ഥലത്തിന്റെ സർവേ പൂർത്തിയായി. അഗ്നി രക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തിരൂർ താലൂക്ക് സർവേയർ അളന്നു അതിർത്തി നിശ്ചയിച്ച് നൽകി. ഫയർസ് റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ മുന്നോടിയായാണ് നിർദ്ദിഷ്ട സ്ഥലം വീണ്ടും സർവേ നടത്തി അതിർത്തി നിശ്ചയിച്ചത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കാനുളള നടപടിക്രമങ്ങൾ വേഗത്തിലായത്. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിർദ്ദിഷ്ട ഭൂമിയിൽ നിന്നും പൊലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം മാറ്റിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്.കാട്ടിപ്പരുത്തി വില്ലേജിലെ റീ.സ 34/4 എൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് ഫയർ സ്റ്റേഷനായി കൈമാറിയത്. കഴിഞ്ഞ ജൂലൈ 20ന് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം സ്ഥലം സന്ദർശിക്കുകയും ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രനുമായി നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. ഫയർ സ്റ്റേഷനായി പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കിയപ്ലാൻ മേലധികാരിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ഫയർ എം.എൽ.എയെ അറിയിച്ചു.