തേഞ്ഞിപ്പലം: നിയമ ലംഘനം നടത്തുന്ന ലോറികളെ റോഡിൽ തടഞ്ഞു പൊലീസിൽ ഏൽപ്പിക്കുന്നത് നാടിന്റെ രക്ഷക്കും തൊഴിലാളികളുടെ ക്ഷേമത്തിനും വേണ്ടിയാണ് എന്ന് ഐഒസി ജനകീയ സമര സമിതി.
പിടിച്ചിട്ട ലോറികളിലെ ഡ്രൈവർമാരുടെ സ്ഥിതി ഏറെ പരിതാപകരമാണ്. മംഗലാപുരം മുതൽ കൊച്ചിയിലേക്കും തിരിച്ചും ഒറ്റയ്ക്ക് ലോറി ഓടിച്ചു വരുന്നത് തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ക്ഷീണം മൂലം ഉറക്കം വന്ന് പലപ്പോഴും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാറുള്ളത് ഭാഗ്യം കൊണ്ടാണെന്നും ചെറിയ വേതനമേ ഭാരിച്ച ഈ ജോലിക്കു ലഭിക്കുന്നുള്ളൂ എന്നും ലോറി ഡ്രൈവർമാർ സമര സമിതിയോട് വെളിപ്പെടുത്തിയിരുന്നു. മോട്ടോർ വർക്കേഴ്‌സ് 1961 ആക്റ്റ് പ്രകാരം 8 മണിക്കൂർ ജോലിയും 8 മണിക്കൂർ വിനോദവും 8 മണിക്കൂർ വിശ്രമവുമാണ് നിയമ പ്രകാരം അനുവദിച്ചിട്ടുള്ളത്
കഴിഞ്ഞ ദിവസം തേഞ്ഞിപ്പാലം പൊലീസ് അടക്കം നിരത്തിലിറങ്ങി പിടിച്ചിട്ട വാഹനങ്ങക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ പൊലീസ് അവിശ്യപ്പെട്ടതിനനുസരിച്ച് സമര സമിതിനേതാക്കൾ സ്ഥലം ഒരുക്കി നൽകി ഡ്രൈവർമാർക്ക് സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു. മോട്ടോർതൊഴിലാളി നിയമപ്രകാരമുള്ള അനൂകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാക്കിക്കണം. ഇതിന് പകരം തൊഴിലാളി നേതാക്കൾ നിയമ ലംഘനത്തിനും കരാർ ലോബിക്കും സഹായകമാവുന്ന രീതിയിലുള്ള ഇത്തരം പ്രസ്താവനകൾ ഇറക്കുകയാണെന്ന് ഐഒസി ജനകീയ സമര സമിതി നേതാക്കൾ ആരോപിക്കുന്നു.