തിരൂരങ്ങാടി: പൊതുവിദ്യാഭ്യാസമേഖലയിൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമെന്ന നിലയിലേക്ക്‌കേരളം വളരുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ്. തിരൂരങ്ങാടി തൃക്കുളം ഗവ: ഹൈസ്‌കൂളിനായി 4.10കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്ന് ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. അടുത്ത വർഷം ജൂൺ ഒന്നിന് സംസ്ഥാനത്തെ 141 സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. അപ്പോഴേക്കും ആധുനിക ശാസ്ത്രീയ പാഠ്യപദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എയ്ഡഡ് സ്‌കൂളുകളുടെ വികസനത്തിന് സർക്കാർ ചലഞ്ച് ഫണ്ട് വിനിയോഗിക്കും. സംസ്ഥാനത്ത് ഇതിനകം 45,000 ക്ലാസ്മുറികളാണ് ഹൈടെക്കായത്. ഇതിന് പുറമെ എൽ.പി, യു.പി സ്‌കൂൾ ക്ലാസ് മുറികൾ ഹൈടെക്കാക്കാൻ 300കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം അക്കാദമിക നിലവാരവും ഉയർത്തണം. അതിനായി അധ്യാപകരും പി.ടി.എ ഭാരവാഹികളും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ട കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകുന്ന ഇടങ്ങളായി പൊതുവിദ്യാലയങ്ങളെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂരങ്ങാടി മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യ വികസനത്തിന് ഈ സർക്കാർ ഇതിനകം ഒൻപത്‌കോടി രൂപ അനുവദിച്ചെന്ന് ചടങ്ങിൽ അധ്യക്ഷനായ പി.കെ അബ്ദുറബ് എം.എൽ.എ പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും വിദ്യാർത്ഥികൾ കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ വെന്നിയൂർ ഗവ: യു.പി, നന്നമ്പ്ര ഗവ: യു.പി, ക്ലാരി ഗവ: യു.പി സ്‌കൂളുകൾ ഹൈസ്‌കൂളായി ഉയർത്തുന്നതിനാവശ്യമായ നടപടികൾ സർക്കാർ ഭാഗത്തുനിന്നുണ്ടാകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. സ്‌കൂളിൽ സജ്ജീകരിച്ച ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അൻവർ റിപ്പോർട്ട് അവതരിപ്പിച്ചു.തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർമാൻ എം അബ്ദുറഹ്മാൻകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ ഉള്ളാട്ട് റസിയ, ഇഖ്ബാൽ കല്ലുങ്ങൽ, വി.വി അബു, സി.പി ഹബീബ, കൗൺസിലറും സ്‌കൂൾ പി.ടി.എ പ്രസിഡന്റുമായ എം.എൻ മൊയ്തീൻ, കൗൺസിലറും എം.ടി.എ പ്രസിഡന്റുമായ ടി.കെ ജൂലി, മലപ്പുറം ഡി.ഡി.ഇ പി കൃഷ്ണൻ, തിരൂരങ്ങാടി ഡി.ഇ.ഒ അജിതകുമാരി, മലപ്പുറം ഡി.പി.ഒ എൻ നാസർ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.ടി റഹീദ സ്വാഗതവും സ്‌കൂൾ പ്രധാനധ്യാപകൻ സി മുബാറക് അലി നന്ദിയും പറഞ്ഞു.
മൂന്നു നിലകളിലായി 17 സ്മാർട്ട്ക്ലാസ് മുറികളടക്കം 33 ക്ലാസ് മുറികളുള്ള ബഹുനില കെട്ടിടമാണ് 4.10കോടി രൂപ ചെലവിൽ യാഥാർത്ഥ്യമാക്കിയത്. ക്ലാസ് മുറികൾക്ക് പുറമെ അത്യാധുനിക സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്, സെമിനാർ ഹാൾ,ടോയ്ലറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്‌കൂളിലെ 12 ക്ലാസ് മുറികൾ എൽ.പി വിഭാഗത്തിനും പുതിയ 17 ക്ലാസ് മുറികൾ പൂർണമായും ഹൈസ്‌കൂൾ വിഭാഗത്തിനുമാണ് അനുവദിച്ചിരിക്കുന്നത്. സ്‌കൂളിൽ നിലവിൽ 1792 വിദ്യാർത്ഥികൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗത്തിൽ 102 കുട്ടികളുമുണ്ട്.