മലപ്പുറം: വീരമ്യുത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് വീഡിയോ ആൽബം. രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ജീവനും സ്വത്തും കാത്തുസൂക്ഷിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ ആദരാജ്ഞലി അർപ്പിച്ചാണ് പൊലീസ് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ' സ്മൃതി ഗീതം' എന്ന പേരിൽ വീഡിയോ ആൽബം തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബർ 21നാണ് ആൽബം പുറത്തിറങ്ങിയത്. കോഴിക്കോട് റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി കെ.അശ്വകുമാറാണ് ആൽബത്തിലെ ഗാനരചന. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററുടേതാണ് സംഗീതം. പിന്നണി ഗായകൻ കൊല്ലം അഭിജിത്തും സംഘവുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. തേജസ് പെരുമണ്ണ സംവിധാനം ചെയ്ത ആൽബത്തിൽ ജയപ്രകാശ് നമ്പ്യാലത്താണ് ക്യാമറ നിർവ്വഹിച്ചത്. സിനിമാ നടി കുട്ട്യേടത്തി വിലാസിനിയും ഇരിങ്ങാലക്കുട വനിതാ സെല്ലിലെ അപർണ്ണയും കോഴിക്കോട് റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമാണ് അഭിനേതാക്കൾ. കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വെച്ചും തലശ്ശേരി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഉപയോഗിച്ച് ഉൾക്കടലിൽ വെച്ചുമായിരുന്നു ചിത്രീകരണം. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ജയ്‌ദേവിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ആൽബം തയ്യാറാക്കിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.