മലപ്പുറം: സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണവും പ്രതിരോധവും ലക്ഷ്യമിട്ട് കേരളകൗമുദിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ്, മഞ്ചേരി എൻ.എസ്.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് ഇന്ന് രാവിലെ 10ന് കോളേജിൽ സ്ത്രീ സുരക്ഷാ സെമിനാർ സംഘടിപ്പിക്കും. ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.പി പ്രസാദ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ. സുരേഷ് കുമാർ സ്വാഗതം പറയും. എൻ.എസ്എസ്. പ്രോഗ്രാം ഓഫീസർ ഡോ. കെ.ടി. രാജേഷ്, വുമൺ സെൽ കൺവീനർ ഡോ. സിന്ധു രാമചന്ദ്രൻ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി എന്നിവർ സംസാരിക്കും. സ്വയംപ്രതിരോധ പരിശീലനത്തിന് സിവിൽ പൊലീസ് ഓഫീസർമാരും മാസ്റ്റർ ട്രെയിനർമാരുമായ കെ. വത്സല, കെ.സി. സിനിമോൾ എന്നിവർ നേതൃത്വമേകും. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ. പുഷ്പലത നന്ദിയും പറയും. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവർക്കുള്ള കേരളകൗമുദിയുടെ ഉപഹാരവും സമ്മാനിക്കും.