police
ഒറ്റഡ്രൈവറുമായി എത്തിയ ടാങ്കർ ലോറി പൊലീസ് പിടികൂടിയപ്പോൾ

തേഞ്ഞിപ്പലം: ഒറ്റ‌‌‌ഡ്രൈവർമാരുമായി എത്തുന്ന ഗ്യാസ് ടാങ്കർ ലോറികൾ നിരത്തുകളിൽ ദുരന്തങ്ങൾ വിളിച്ചുവരുത്തുമ്പോഴും നിയമലംഘനത്തിന് യാതൊരു കുറവുമില്ല. കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് രാത്രിയിൽ പുറപ്പെട്ട് പുലർച്ചെ ചേളാരിയിലെത്തുന്ന ഗ്യാസ് ടാങ്കറുകൾ ഒരു ഡ്രൈവർ മാത്രമാണുള്ളത്. രണ്ട് ഡ്രൈവർമാരും ഒരു ക്ലീനറും ഡ്രൈവർക്ക് വിശ്രമിക്കാൻ കാബിനിൽ പ്രത്യേക സൗകര്യം വേണമെന്നിരിക്കെ ഇതൊന്നുമില്ലാതെ നിയമംകാറ്റിൽ പറത്തിയാണ് ടാങ്കറുകളുടെ അപകട യാത്ര. ദീർഘദൂരം വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങാൻ സാധ്യത ഏറെയാണെന്നതിനാലാണ് രണ്ട് ഡ്രൈവർമാർ വേണമെന്ന വ്യവസ്ഥയുണ്ടാക്കിയത്. ഡ്രൈവിംഗിലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിലും വിദഗ്ദരാവണം. ഗ്യാസ് വിതരണ ചുമതല കമ്പനികൾക്കാണെങ്കിലും ടാങ്കർ ലോറികൾ സ്വകാര്യ വ്യക്തികളുടേതാണ്. ലാഭം മുന്നിൽകണ്ട് ഉഗ്ര സ്ഫോടക ശേഷിയുള്ള ഗ്യാസ് ടാങ്കറുകൾ നിരത്തുകളിലൂടെ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട നിയമങ്ങളൊന്നും ടാങ്കർ ലോറി ഉടമകൾ അനുസരിക്കാറില്ല. രണ്ട് ഡ്രൈവർമാരെ നിയമിക്കുന്നത് ചിലവ് വർദ്ധിപ്പിക്കുമെന്നതാണ് ഒറ്റഡ്രൈവറിലേക്ക് തിരിയാണ ടാങ്കർ ഉടമകളെ പ്രേരിപ്പിക്കുന്നത്. നിബന്ധനകൾ പാലിക്കാത്ത ടാങ്കറുകളിൽ ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിൽ നിന്ന് ഗ്യാസ് നിറച്ചുകൊടുക്കരുതെന്ന നിബന്ധന മറികടക്കാൻ ഈ സമയത്ത് രണ്ട് ഡ്രൈവർമാരെ നിയമിക്കും. ഗ്യാസ് നിറച്ചു കഴിഞ്ഞാൽ ഒരുഡ്രൈവർ മാത്രമാവും ടാങ്കറിലുണ്ടാവുക. പലപ്പോഴും ഉദ്യോഗസ്ഥരുടെ മൗനസമ്മതത്തോടെയാണ് നിയമലംഘനങ്ങൾ നടക്കുന്നതെന്നും ആരോപണമുണ്ട്. കണ്ണൂർ ചാലയിലെ ദുരന്തത്തെ തുടർന്ന് കുറച്ചുകാലം ടാങ്കറുകളിൽ രണ്ട് ഡ്രൈവർമാരെ ഉറപ്പുവരുത്തിയിരുന്നെങ്കിൽ ഇതിപ്പോൾ നാമമാത്രമാണ്. ചാലയിൽ നിരവധിപേരുടെ ജീവൻ കവർന്ന ഗ്യാസ് ടാങ്കറിലും ഒരു ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്

മംഗലാപുരത്ത് നിന്ന് വൈകിട്ടോടെ പുറപ്പെടുന്ന ടാങ്കർ ലോറികൾ പുലർച്ചെയാണ് ചേളാരി ഐ.ഒ.സിയിലെത്തുന്നത്. ഉറക്കമൊഴിച്ച് ക്ഷീണിച്ച് അവശരായാവും ഡ്രൈവർമാർ വാഹനമോടിക്കുക. ഗ്യാസ് ടാങ്കറിൽ നിന്ന് മാറ്റുന്നതോടെ രാവിലെ തന്നെ തിരിച്ചുപോവും. ഉറങ്ങാനോ, വിശ്രമിക്കാനോ മതിയായ സമയം പോലും ലഭിക്കാതെയാണ് ഭൂരിഭാഗം ഡ്രൈവ‌ർമാരും ടാങ്കറുകളുടെ വളയംപിടിക്കുന്നത്. അതേസമയം ഇവർക്ക് ലഭിക്കുന്നത് തുഛമായ വരുമാനമാണ്. ചേളാരി ഐ.ഒ.സിയിലേക്ക് ഒറ്റ ഡ്രൈവർമാരുമായി എത്തിയ ടാങ്കറുകളെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടിയപ്പോൾ നിസ്സഹായതയോടെ കൈമലർത്തുകയാണ് ഡ്രൈവർമാർ ചെയ്തത്. കടുത്ത ചൂഷണത്തിനാണ് ഇരകളാവുന്നതെന്നും ഒറ്റയ്ക്ക് ടാങ്കർ എത്തിച്ചാൽ പോലും കുറഞ്ഞ തുകയേ നൽകൂ എന്നും ഡ്രൈവർ‌മാർ പറയുന്നു.

ഒറ്റ ഡ്രൈവർമാരുമായി എത്തുന്ന ടാങ്കർ ലോറികൾക്കെതിരെ നടപടി ശക്തമാക്കാൻ ജില്ലാ കളക്ടറുടെയും എസ്.പിയുടെ നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത ഡ്രൈവർമാറിൽ നിന്ന് അയ്യായിരം രൂപ പിഴ ഈടാക്കി. ഈ ഇനത്തിൽ ഒന്നര ലക്ഷത്തോളം രൂപയാണ് പിഴയായി പിരിച്ചെടുത്തിട്ടുള്ളതെന്ന് അറിയുമ്പോഴാണ് നിയമലംഘനത്തിന്റെയും സുരക്ഷാഭീഷണിയുടെയും ആഴം വ്യക്തമാവുക. ചേളാരിയിലേക്ക് വരുന്ന ഗ്യാസ് ടാങ്കറുകൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതോടെ ഒറ്റ ഡ്രൈവർമാർ മാത്രമുള്ള വണ്ടികൾ ജനകീയ സമര സമിതിയുടെ നേതൃത്തത്തിൽ ചേളാരിയിൽ തടഞ്ഞിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ടാങ്കർ തടയൽ അടക്കമുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് നിയമലംഘകർക്കെതിരെ
പരിശോധന ശക്തമാക്കാൻ ജില്ലാകളക്ടർ എസ്.പിയോട് ആവശ്യപ്പെട്ടത്.