തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി മൂന്ന് ചെറുകിട ജലസേചന പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാക്കാൻ പി.കെ അബ്ദുറബ്ബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും യോഗത്തിൽ തീരുമാനിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വീതം അനുവദിക്കപ്പെട്ട കുണ്ടൂർ കുടുക്കേങ്ങൽ കുടിവെള്ള പദ്ധതി, വെള്ളിയാമ്പുറം കുടിവെള്ള പദ്ധതി, അൽ അമീൻ നഗർ കുടിവെള്ള പദ്ധതി എന്നിവയാണ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കുന്നതിന് തീരുമാനമായത്.
കുണ്ടൂർ കുടിവെള്ള പദ്ധതിക്കായി നിലവിലെ കിണറിനൊപ്പം മറ്റൊരു കിണറിന് കൂടി സ്ഥലം ലഭിച്ച സാഹചര്യത്തിൽ രണ്ട് കിണറുകകളിൽ നിന്നും വെള്ളമെത്തിച്ച് പദ്ധതി നടപ്പിലാക്കാനാണ് നിർദ്ധേശം. വെള്ളിയാമ്പുറത്തും കിണർ നിർമ്മാണം പൂർത്തിയായിട്ടുണ്ടെങ്കിലും കിണർ നിൽക്കുന്ന പ്രദേശത്തുകാരുടെ എതിർപ്പാണ് പദ്ധതി നടക്കാത്തതിന് കാരണമായി യോഗത്തെ ബോധിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിൽ അവരെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ച് നടപ്പിലാക്കുന്നതിനാണ് യോഗത്തിൽ തീരുമാനമായത്. അൽ അമീൻ നഗർ കുടിവെള്ള പദ്ധതിക്കായി കിണറിനും ടാങ്കിനും സ്ഥലം ലഭ്യമായ സ്ഥിതിക്ക് പദ്ധതി നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു. ഇവയുടെ പ്രവൃത്തി വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
സമഗ്ര കുടിവെള്ള പദ്ധതിക്കായി കുണ്ടൂർ പാടത്തും, തട്ടത്തലയിലും മറ്റും ലഭിച്ച ഭൂമി പരിശോധിക്കുന്നതിനും തുടർ നടപടികളുമായി മുന്നോട്ട് പോകുന്നതിനും യോഗത്തിൽ തീരുമാനമായി. കുണ്ടൂർ പാടത്ത് ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും പത്ത് സെന്റ് ഭൂമി തട്ടത്തലം കുന്നിന് മുകളിൽ ടാങ്കിനായി സ്വകാര്യ വ്യക്തി നൽകിയിട്ടുമുണ്ട്. ഇതോടെ കൊടിഞ്ഞിയിലും കുണ്ടൂർ ചെറുമുക്ക് മേഖയിലും ടാങ്കിനായി സ്ഥലം ലഭ്യമായാൽ പദ്ധതിക്ക് വേണ്ട ഭൂമി പൂർണ്ണമായും ലഭ്യമാകും. ഈ സാഹചര്യത്തിൽ കടലുണ്ടി പുഴയിൽ നിന്നും വെള്ളമെത്തിച്ചുകൊണ്ടുള്ള സമഗ്ര കുടിവെള്ള പദ്ധതിയും ഉടൻ നടപ്പിലാക്കാൻ സാധിക്കുമെന്ന് അബ്ദുറബ്ബ് പറഞ്ഞു. യോഗത്തിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പനയത്തിൽ മുസ്തഫ, വൈസ് പ്രസിഡന്റ് തേറാമ്പിൽ ആസിയ, മുൻപ്രസിഡന്റുമാരായ കാവുങ്ങൽ കുഞ്ഞിമരക്കാർ, എം.പി മുഹമ്മദ് ഹസ്സൻ, സ്ഥിര സമിതി അധ്യക്ഷരായ എം.പി ഷരീഫ്, ഷമീർ പൊറ്റാണിക്കൽ, കാവുങ്ങൽ ഫാത്തിമ, ഇ.പി മുജീബ് മാസ്റ്റർ .മറ്റു ജനപ്രതിനിധികളും സംബന്ധിച്ചു.