മഞ്ചേരി: വിദ്യാർത്ഥികളും വീട്ടമ്മമാരും അടങ്ങുന്ന ജില്ലയിലെ 26000 ത്തോളം വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ ആത്മധൈര്യം പകർന്ന് കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന വിഭാഗം .മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ കീഴിലുള്ള ഈ സംഘമാണ് കേരളകൗമുദി മഞ്ചേരിയിൽ സംഘടിപ്പിച്ച പരിപാടിയിലും എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിരോധത്തിന്റെ പാഠങ്ങൾ പകർന്ന് നൽകിയത് .ആക്രമണ സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും പരിശീലിപ്പിക്കുകയാണ് ഇവർ. വിവിധ ആയോധനമുറകൾ സമന്വയിപ്പിച്ചുളള ലഘു മുറകളാണ് സംഘം വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്നത്. .ടീം ലീഡറും മാസ്റ്റർ ട്രെയ്നറുമായ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വത്സല, മാസ്റ്റർട്രൈനറും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ കെ.സി സിനിമോൾ എന്നിവരാണ് മഞ്ചേരിയിൽ വിദ്യാർത്ഥികൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകിയത്. 2015 ലാണ് ജില്ലയിൽ ഈ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ അയൽകൂട്ട യൂണിറ്റുകൾ, വീട്ടമ്മമാർ, വിവിധ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾ തുടങ്ങി 26,000 ത്തോളം പേർ ജില്ലയിൽ ഇതിനോടകം ഈ പരിശീലന പരിപാടിയുടെ ഭാഗമായിട്ടുണ്ട്.
ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി ഹരിദാസ് ആണ് പദ്ധതിയുടെ നോഡൽ ഓഫീസർ. ഡി എച്ച് ക്യു അസിസ്റ്റന്റ് കമൻഡാന്റ് ഡാൽവിൻ സുരേഷ് ഇംപ്ലിമെന്റിംഗ് ഓഫീസറും വിമൺസ് സെൽ സി.ഐ. ഷാർലെറ്റ് മണി അസിസ്റ്റന്റ് ഇംപ്ലിമെന്റിംഗ് ഓഫീസറുമാണ്. ഏഴ് വയസു മുതൽ 70 വയസ് വരെയുള്ളവർക്കാണ് ഇവരുടെ പരിശീലനത്തിലൂടെ സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ പഠിക്കാനാവുക. മലപ്പുറം പടിഞ്ഞാറ്റു മുറിയിലെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ മൂന്ന്, അഞ്ച്, പത്ത് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന പരിശീലനങ്ങളും ജില്ലാ പൊലീസ് നടപ്പാക്കി വരുന്നുണ്ട്.