പെരിന്തൽമണ്ണ:അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം കിഴക്കേമുക്കിൽ പ്ലാസ്റ്റിക് സംസ്കരണശാല തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.കിടപ്പുരോഗികളടക്കമുള്ളവർ താമസിക്കുന്ന അനേകം വീടുകളുള്ള ഈ പ്രദേശം പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമാക്കാൻ സമ്മതിക്കില്ലെന്ന് പ്രതിഷേധയോഗത്തിൽ നാട്ടുകാർ പ്രതിജ്ഞയെടുത്തു. പഞ്ചായത്തിൽ ആൾതാമസമില്ലാത്ത പ്രദേശങ്ങൾ ഉണ്ടെന്നിരിക്കെ ജനവാസ മേഖലയിൽ തന്നെ യൂണിറ്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെതിരെ നാട്ടുകാർ രോഷത്തിലാണ്. മാലിന്യസംസ്കരണമെന്ന പേരിൽ ഒരു പ്രവർത്തനവും ഇവിടെ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു.പത്തുവർഷം മുൻപ് 75 ലക്ഷം രൂപ നൽകി സ്വകാര്യ വ്യക്തിയിൽ നിന്നും ഒരേക്കറോളം സ്ഥലം പഞ്ചായത്ത് വാങ്ങിയിരുന്നു.
50 പേർക്കെങ്കിലും തൊഴിൽ നൽകാനുതകുന്ന 'വ്യവസായ എസ്റ്റേറ്റ്' എന്നതായിരുന്നു പദ്ധതി. ഇവിടെയാണ് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാതെ കൂറ്റൻ യന്ത്രസാമഗ്രികളും കഴിഞ്ഞ ദിവസം എത്തിച്ചു.യൂണിറ്റ് പ്രവർത്തനവുമായി അധികൃതർ മുന്നോട്ടു പോകുന്നപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ രാജു പുലിപ്ര, ബാബു ചക്കുങ്കൽ, സി.എസ്.സുനിൽ, റോയി തോയക്കുളം എന്നിവർ പറഞ്ഞു.ഇതു സംബന്ധിച്ച് നൂറു കണക്കിനാളുകൾ ഒപ്പിട്ട നിവേദനം ത്രിതല പഞ്ചായത്ത് അധികൃതർക്കും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കും നൽകി.