പെരിന്തൽമണ്ണ: നിലമ്പൂർ -പെരിന്തൽമണ്ണ റൂട്ടിൽ വാഹനമിടിച്ച് പട്ടിക്കാട് റെയിൽവേ ഗേറ്റ്് തകർന്നു. ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള ട്രെയിൻ കടന്നുപോവുന്നതിനായി ജീവനക്കാരൻ ഗേറ്റ് താഴ്ത്തുന്നതിനിടയിൽ പെരിന്തൽമണ്ണയിൽ നിന്നും പാണ്ടിക്കാട്ടേക്ക് പോവുകയായിരുന്ന ബൊലേറോ മിനി ലോറി മറു ഭാഗം കടക്കാൻ ശ്രമിച്ചു. ഗേറ്റ് വാഹനത്തിന്റെ പുറകിൽ ഉടക്കിയതറിയാതെ വാഹനം മുന്നോട്ട് പോയതോടെ ഗേറ്റ് തകർന്ന് വീണു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂർ പട്ടിക്കാട് നിലമ്പൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു. പൊലീസെത്തി റോഡിൽ ഗേറ്റ് നീക്കിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.