പൊന്നാനി: ഖവാലിയുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും താളലയങ്ങൾ ചേർത്ത് തീരത്തെയാകെ സംഗീത സാന്ദ്രമാക്കിയിരുന്ന പൊന്നാനിയിലെ മ്യൂസിക് ക്ലബ്ബുകൾ പുനരുജ്ജീവിപ്പിക്കുന്നു. കാലങ്ങളായി പാട്ടു നിലച്ച ബസന്ത് ബാഹർ മ്യൂസിക് ക്ലബ്ബിൽ നിന്ന് വീണ്ടും പാട്ടുകൾ പുറത്തുവന്നു. ഒരു കാലത്ത് തീരത്തെ ആവേശ നിർഭരമാക്കിയ ബസന്ത് ബാഹർ മ്യൂസിക് ക്ലബ്ബ് പുതിയ രൂപത്തിലും ഭാവത്തിലുമാണ് പുനർജ്ജനിച്ചിരിക്കുന്നത്. ഇ കെ ഇമ്പിച്ചിബാവയുടെ സഹോദരനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന ഇ.കെ അബൂബക്കറിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ക്ലബ്ബ് ആറ് വർഷം അടച്ചു പൂട്ടിയിരുന്നു.ബസന്ത് ബഹാറിന്റെ തിരിച്ചുവരവ് പൊന്നാനിയുടെ സംഗീതത്തെ വീണ്ടും സജീവമാക്കും. ചന്തപ്പടിയിലെ കെട്ടിടത്തിലാണ് ബസന്ത് ബഹാർ പുന:സംഘടിപ്പിച്ചിരിക്കുന്നത്. അസൗകര്യങ്ങൾക്കിടയിലും സംഗീതത്തെ നിറച്ചാണ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. പൊന്നാനിയുടെ സംഗീത ചരിത്രത്തെ തിരിച്ചുപിടിക്കാൻ ഇത് വഴിവെക്കും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ബസന്ത് ബഹാറിന്റെ പുനരാരംഭത്തിന് സാക്ഷ്യം വഹിച്ചു. മകൾ നിരഞ്ജന പാട്ടു പാടി കൂടെ ചേർന്നു. തീരത്തെ തൊഴിലാളി വർഗ്ഗരാഷ്ട്രീയത്തിന്റെ ഭാഗമായി രൂപപ്പെട്ട പൊന്നാനിയുടെ സംഗീതശാഖ തിരിച്ചുവരവിന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് വഴിയൊരുക്കുന്നത്. സാംസ്ക്കാരിക വകുപ്പിനു കീഴിലാണ് മ്യൂസിക് ക്ലബ്ബുകൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പുമുള്ള പത്തേമാരി കാലത്തോളം പഴക്കമുണ്ട് പൊന്നാനിയുടെ സംഗീത ക്ലബ്ബുകൾക്ക് . ചരക്കുകളുമായി പത്തേമാരിയിൽ മുംബൈ ഉൾപ്പെടെയുള്ള തീരങ്ങളിലേക്ക് പോയിരുന്ന പൊന്നാനിയിലെ തൊഴിലാളികൾ തിരിച്ചു വരുമ്പോൾ ഹിന്ദുസ്ഥാനി സംഗീതവുമായാണ് എത്തിയിരുന്നത്. പൊന്നാനിയുടെ തനത് ശൈലിയിലേക്ക് രൂപപ്പെട്ട ഹിന്ദുസ്ഥാനി സംഗീതം നാടിനെയാകെ പുളകം കൊള്ളിച്ചു. തൊഴിലാളി പ്രക്ഷോഭകാലങ്ങളിൽ സമരത്തെ പ്രോജ്ജ്വലമാക്കായിരുന്ന ഗാനങ്ങൾക്ക് ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ഖവാലിയുടേയും സ്പർശമുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ തട്ടുമ്പുറങ്ങളിൽ സജീവമാകുന്ന മ്യൂസിക് ക്ലബ്ബുകൾ പൊന്നാനിയുടെ ഭാഗമാണ്. ഗസലുകൾക്കും,പഴയകാല ചലച്ചിത്ര ഗാനങ്ങൾക്കും പുറമെ രാഷ്ട്രീയ ഗാനങ്ങളും ഈ ക്ലബ്ബുകളിൽ നിന്നുയരും. റമദാൻ മാസമായാൽ പുലരും വരെ ഈ സംഗീത കൂട്ടായ്മകൾ സജീവമാകും. നിരവധി സംഗീത കൂട്ടായ്മകളുണ്ടായിരുന്ന പൊന്നാനിയിൽ ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമെ അവശേഷിക്കുന്നുള്ളു. പൊന്നാനിയുടെ സംഗീത പാരമ്പര്യം തിരിച്ചു പിടിക്കുന്നതിന് പരമ്പരാഗത മ്യൂസിക്ക് ക്ലബ്ബുകൾ സംരക്ഷിക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. പൊന്നാനിയിലെ പരമ്പരാഗത മ്യൂസിക്ക് ക്ലബ്ബുകളുടെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും,സംഗീതോപകരണങ്ങൾ എത്തിക്കുന്നതിനും,കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനും വിപുലമായ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു. നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ ഭാഗമായി ഒരുങ്ങുന്ന ഈശ്വരമംഗലത്തെ കലാഗ്രമത്തിൽ പൊന്നാനിയിലെ സംഗീതത്തെ പരിപോഷിപ്പിക്കാൻ സൗകര്യമൊരുക്കും. ഖവാലി പാർക്ക് എന്ന ആശയവും സ്പീക്കർ പങ്കുവെച്ചിരുന്നു.