പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ 12.75 കോടി ചിലവിട്ട് നിർമ്മിച്ച പൊതുമരാമത്തു വകുപ്പിന്റെ കെട്ടിടസമുച്ചയവും വിശ്രമ മന്ദിരവും ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസമായിട്ടും അടഞ്ഞുകിടക്കുന്നു. കോടികൾ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവർത്തികൾ പൂർത്തിയാക്കാൻ ഇനിയും ലക്ഷങ്ങൾ ചിലവഴിക്കണം. ട്രാൻസ്ഫോമറിന് മാത്രമായി 5.40 ലക്ഷം രൂപ കെ.എസ്.ഇ.ബിയിൽ കെട്ടിവെക്കണം. പണികൾ മുഴുവൻ പൂർത്തിയാവുന്നതിന് മുമ്പെ ജൂലൈ 22നാണ് സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരൻ രണ്ട് കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തത്.
നാലു നിലകളുള്ള അവുക്കാദർകുട്ടി നഹ ബിൽഡിങ് കോംപ്ലക്സ് കെട്ടിടത്തിലേക്ക് ലിഫ്റ്റ് സൗകര്യവും ഒരുക്കേണ്ടതുണ്ട്. വൈദ്യുതി കണക്ഷൻ കിട്ടിയെങ്കിൽ മാത്രമേ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാനാവൂ. രണ്ടു സൂട്ട് മുറികൾ ഉൾപ്പെടെ നാല് കിടപ്പുമുറികളും, കോൺഫ്രൻസ് ഹാൾ, ഡൈനിങ് ഹാൾ എന്നിവയും ഉൾപ്പെടുന്നതാണ് ആധുനിക രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള അതിഥി വിശ്രമ മന്ദിരം. ഇതും വൈദ്യുതി കണക്ഷൻ ലഭിച്ചെങ്കിൽ മാത്രമേ തുറന്നു കൊടുക്കാനാവൂ .ഇപ്പോൾ നേരത്തെ കോർട്ട് റോഡിൽ ഉണ്ടായിരുന്ന പഴയ കെട്ടിടത്തിൽ തന്നെയാണ് പൊതുമരാമത്തു കെട്ടിട വിഭാഗം ഓഫീസ് പ്രവർത്തിക്കുന്നത്.വിശ്രമ മന്ദിരം വേറെ ഇല്ലതാനും. വൈദ്യുതി ബോർഡിൽ കെട്ടിവെക്കാനുള്ള തുക സംബന്ധിച്ച വിവരങ്ങൾ തുടർനടപടികൾക്കായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.