തിരൂരങ്ങാടി: ചെമ്മാട് - കോഴിക്കോട് റോഡിലെ ഓടയിലെ സ്ലാബ്ബുകൾ പൊട്ടി മലിനജലം അരക്കിലോമീറ്ററോളം റോഡിലൂടെ ഒഴുകുമ്പോഴും നടപടിയെടുക്കാതെ നഗരസഭ. ചെമ്മാട് മത്സ്യമാംസ മാർക്കറ്റിന് സമീപത്ത് ഓടയിലെ മലിനജലം നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. രൂക്ഷമായ ദുർഗന്ധവും പുഴുക്കളും നിറഞ്ഞ മലിനജലം റോഡരുകിലൂടെ മാനിപ്പാടം ഭാഗത്തേക്കാണ് ഒഴുകുകയാണ്.പരിസരവാസികൾക്കും വഴിയാത്രക്കാർക്കും ഏറെ ദുരിതമാണ് ഇതുകൊണ്ടുള്ളത്. വെയിൽ അടിച്ചാൽ മൂക്കുപോത്തി വേണം യാത്രക്കാർക്ക് സഞ്ചരിക്കാൻ. ചെമ്മാട് മാർക്കറ്റിൽ നിന്നും ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് മലിന ജനം ഒഴുകി വരുന്നതെന്ന് ആരോപണമുണ്ട്. നാട്ടുകാർ ഇതിനെതിരെ പലതവണ നഗരസഭക്കും മറ്റും പരാതി നൽകിയതാണ്.പരാതി ശക്തിപ്പെടുമ്പോൾ ആളുകളുടെ കണ്ണിൽ പൊടിയിടാനായി പരിശോധന നടത്തുകയാണ് അധികൃതർ ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പരാതി ശക്തമാവുമ്പോൾ സ്ഥാപനങ്ങൾ മലിനജലം ഒഴുക്കിവിടുന്നത് താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്യും.ചെമ്മാട് ടൗണിൽ മഴവെള്ളം ഒഴുകുന്നതിന് നിർമിച്ച ഓവുചാലിലേക്കാണ് മലിനജലം കടത്തിവിടുന്നത്. കുറ്റക്കാർക്കെതിരെ നഗരസഭ നിയമ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.