നിലമ്പൂർ: നിലമ്പൂർ മിനി സ്റ്റേഡിയം കോംപ്ലക്സ് നിർമ്മാണ പ്രവർത്തികളുടെ ഔദ്യോഗിക ഉദ്ഘാടനം നവംമ്പർ അവസാനവാരം നടക്കും. കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുമെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു. നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് കിഫ്ബി വഴിയാണ് 18.25 കോടി രൂപ ചെലവിട്ട് സ്റ്റേഡിയം കോംപ്ലക്സ് നിർമ്മിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുന്നത്. 400 മീറ്റർ സിന്തറ്റിക് ട്രാക്, അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചുള്ള ഫുട്‌ബോൾ ഗ്രൗണ്ട്, ജംപിംഗ് പിറ്റുകൾ, പരിശീലന നീന്തൽകുളം, മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം, അമിനിറ്റി സെന്റർ, എർത്തേൺ ഗ്യാലറി, വി.ഐ.പി പവലിയൻ എന്നിവ ഉൾപ്പെടുന്നതാണ് സ്റ്റേഡിയം കോംപ്ലക്സ്. രണ്ടാം ഘട്ടത്തിൽ സിന്തറ്റിക് ട്രാക്ക് നിർമ്മാണവും നടക്കും. കിറ്റ്‌കോക്കാണ് നിർമ്മാണ ചുമതല. ഒരു വർഷം കൊണ്ട് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിക്കും.