മലപ്പുറം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിയുടെ മറവിൽ കലാപമുണ്ടാക്കി വീണ്ടും അധികാരത്തിൽ വരാനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നതെങ്കിൽ നടക്കാൻ പോകുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പാലോളി മുഹമ്മദ് കുട്ടി. മലപ്പുറത്ത് നടന്ന എൽ.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1959 അല്ല 2018 എന്ന് തിരിച്ചറിയുന്നത് നല്ലതാണ്. വിശ്വാസികൾക്കൊപ്പമാണെന്ന് പറയുന്ന യു.ഡി.എഫ് നേതൃത്വം വിശ്വാസികളെ ക്ഷേത്രത്തിൽ പോകുന്നതിനെ തടയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാൻ ആർ.എസ്.എസും മറ്റ് വഴികൾ തേടുന്ന യു.ഡി.എഫിന്റെയും നിലപാടുകളെ ജനം അംഗീകരിക്കില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ കലാപമുണ്ടാക്കാനുള്ള ആർ.എസ്.എസ് ശ്രമത്തെ ചെറുത്തു തോൽപ്പിക്കുമെന്നും പാലോളി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, പി.വി അൻവർ എം.എൽ.എ, പി.പി സുനീർ, അഡ്വ. ഇസ്മാഈൽ, പ്രൊഫ. പി ഗൗരി സംസാരിച്ചു.