തേഞ്ഞിപ്പലം: മാതാപ്പുഴ പാലത്തിനോട് ചേർന്ന ഭാഗത്ത് കടലുണ്ടിപ്പുഴയോരം ഇടിയുന്നു. വള്ളിക്കുന്ന് ഭാഗത്താണ് കര കൂടുതലായും ഇടിഞ്ഞത്. പാലത്തിന്റെ തൂണിനോട് ചേർന്നും കരയിടിയുന്നത് തൂണിന് ബലക്ഷയമുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. തൂണിന്റെ ഇരുഭാഗങ്ങളിലുമായി മീറ്റർകണക്കിന് കരഭാഗം ഇതിനകം പുഴയെടുത്തു കഴിഞ്ഞു. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വള്ളിക്കുന്ന് കരയിൽ ഏകദേശം നൂറ് മീറ്റർ നീളത്തിൽ പുഴയോരം ഇടിഞ്ഞ് കിടപ്പാണ്. നിരവധി തെങ്ങുകളും പുഴയിൽ വീണിട്ടുണ്ട്. പുഴയോരം ഇടിയുന്നത് തടയാൻ ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പലതവണ അധികൃതരെ സമീപിച്ചതാണ്. ഇതുവരെ നടപടികളൊന്നുമായിട്ടില്ല.