മലപ്പുറം: ജില്ലാ ലെപ്രസി ഓഫീസിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കളക്‌ട്രേറ്റ് സമ്മേളന ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല സംസ്ഥാന ലെപ്രസി ഓഫീസർ ഡോ. ജെ. പത്മലത ഉദ്ഘാടനം ചെയ്തു. 2020 ആകുമ്പോഴേക്കും ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. പത്മലത പറഞ്ഞു. സംസ്ഥാനത്ത് 496 പുതിയ രോഗികളെ കണ്ടെത്തിയതിൽ 65 പേർക്ക് അംഗവൈകല്യം ബാധിച്ച ശേഷമാണ് രോഗം തിരിച്ചറിയാനായത്. മലപ്പുറത്ത് രണ്ടിലധികം പേർക്ക് അംഗവൈകല്യം ബാധിച്ചതായി കണ്ടെത്തി.
ആശാ പ്രവർത്തകയും ഒരു പുരുഷ വാളന്റിയറും ജില്ലയിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തി കുഷ്ഠരോഗ ലക്ഷണങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുകയും രോഗമുണ്ടെങ്കിൽ കണ്ടെത്തുകയും ചെയ്യുന്നതാണ് പദ്ധതി. ഒരു ടീമിന് ശരാശരി 200 വീടുകൾ പരിശോധിക്കാനുണ്ടാവും. ഓരോ ദിവസവും സൂപ്പർവൈസർക്ക് റിപ്പോർട്ട് നൽകണം. പൾസ്‌പോളിയോ മാതൃകയിൽ വീടുകളിൽ പ്രത്യേകം അടയാളമിടുന്നതാണ്
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷിബുലാൽ, ജില്ലാ നോഡൽ ഓഫീസർ ഡോ. അബൂബക്കർ, ജില്ലാ മാസ് മീഡിയ ഓഫീസർ ടി.എം ഗോപാലൻ, വിവിധ ബ്ലോക്ക് - പഞ്ചായത്ത് തലങ്ങളിലെ ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.