തേഞ്ഞിപ്പലം: പഞ്ചായത്ത് ലൈസൻസിനുള്ള രേഖകൾ സമർപ്പിച്ചെങ്കിലും ഐ.ഒ.സിയിലെ നിർമ്മാണ പ്രവൃത്തിക്ക് മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിട്ടുണ്ടോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.
ഐ.ഒ.സിയ്ക്കകത്ത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ധാരാളം നിർമ്മാണ പ്രവൃത്തികൾ നടന്നിട്ടുണ്ടെന്ന ആക്ഷേപം ബലപ്പെടുകയാണ്. മതിയായ രേഖകൾ നൽകാത്തതിനെ തുടർന്ന് പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി ഐ.ഒ.സിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ഐ.ഒ.സി അധികൃതർ പഞ്ചായത്തിന് രേഖകൾ നൽകി.
എങ്കിലും നിർമ്മാണ പ്രവൃത്തികൾക്കുളള അനുമതി സംബന്ധിച്ച രേഖകൾ ഇക്കൂട്ടത്തിലില്ലെന്നറിയുന്നു. . ഇതിനാൽ പഞ്ചായത്ത് ലൈസൻസിനുള്ള രേഖകൾ നൽകിയാലും നിർമ്മാണ അനുമതി കീറാമുട്ടിയായി തുടരും. കേരള ബിൽഡിംഗ് റൂൾ പ്രകാരം പഞ്ചായത്തിനകത്ത് ഏത് തരം നിർമ്മാണ പ്രവൃത്തിക്കും മുൻകൂട്ടി അനുമതി വാങ്ങണം.
പഞ്ചായത്തിൽ ലഭിച്ച രേഖകളും നിർമ്മാണാനുമതി സംബന്ധിച്ചവയും ഉപസമിതി പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്നും നിയമാനുസൃതമാണോ എന്ന് പരിശോധിച്ച് യുക്തമായ തീരുമാനം എടുക്കുമെന്നും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ഉപസമിതി അംഗങ്ങളുമായ സവാദ് കള്ളിയിലും എ.പി. അബ്ദുൾ സലീമും വ്യക്തമാക്കി.
ഇതിന് മുന്നോടിയായ് ഐ.ഒ.സി ലൈസൻസിന് വേണ്ടി നൽകിയ രേഖകൾ വച്ച് ഉപസമിതിയും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് വരുന്ന ഒമ്പതിന് പ്ലാന്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും