മഞ്ചേരി: പിതാവിനെ വെട്ടിക്കൊന്ന കേസിൽ മകന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. പരപ്പനങ്ങാടി പുത്തരിക്കൽ പൂമഠത്തിൽ മുഹമ്മദ് (55) കൊല്ലപ്പെട്ട കേസിൽ മൂത്തമകൻ അഷ്റഫി നെയാണ് (36) രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
50,000 രൂപ പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണമെന്ന് ജഡ്ജി എ.വി. നാരായണന്റെ വിധിന്യായത്തിൽ പറയുന്നു.
2014 സെപ്തംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. മുഹമ്മദ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതിലുളള വിരോധമാണ് കൊലപാതകത്തിന് കാരണമായത്. വിദേശത്തായിരുന്ന മുഹമ്മദ് സംഭവത്തിന്റെ തലേദിവസമാണ് വീട്ടിലെത്തിയത്.
വീട്ടിൽ മറ്റാരുമില്ലാത്ത സമയം കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന പിതാവിനെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ബാലകൃഷ്ണൻ 24 സാക്ഷികളെ വിസ്തരിച്ചു. ഏഴ് തൊണ്ടിമുതലുകളും17 രേഖകളും ഹാജരാക്കി.