മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടോട്ടി നഗരസഭയിൽ കുടിവെള്ള വിതരണത്തിന് 78.5 കോടിയുടെ പദ്ധതിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം അനുമതി നല്കി. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. 2050ലെ ജനസംഖ്യ കണക്കാക്കി 13.6 ദശലക്ഷം ലിറ്റർ വെള്ളം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുക. നഗരസഭയിൽ ഇതിനായി ആകെ 205 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിക്കേണ്ടതുണ്ട്. നിലവിലുള്ള ചേപ്പിലിക്കുന്ന്, ബ്ലോക്ക് ഓഫീസ്, കാളോത്ത്, മേലേപറമ്പ്, മൂച്ചിക്കുണ്ട്, ടാങ്കുകൾക്ക് പുറമെ കുമ്പളപ്പാറ, മേലങ്ങാടി, ചെമ്മലപറമ്പ് എന്നിവിടങ്ങളിൽ മൂന്ന് ടാങ്കുകൾ കൂടി സ്ഥാപിക്കും.ഈ പദ്ധതിയിലൂടെ നിലവിൽ ചീക്കോട് പദ്ധതിയിലുള്ള 41 എം.എൽ.സി വെള്ളത്തിന് പുറമെ 5.6 എം.എൽ.സി വെള്ളം കൂടി ശേഖരിക്കാൻ കഴിയും. മന്ത്രിസഭ അനുമതി ലഭിച്ച സാഹചര്യത്തിൽ തുടർ നടപടികൾക്ക് കിഫ്ബി ബോർഡ് ഭരണാനുമതി നല്കും. തുടർന്ന് ടെൻഡർ നടപടികളിലേക്കും നിർമ്മാണ പ്രവൃത്തിയിലേക്കും കടക്കും.