നിലമ്പൂർ: ജില്ലാ ആശുപത്രി ഒ.പിയിലെത്തുന്ന രോഗികൾക്ക് ഇനി വരി നിന്ന് ക്ഷീണിക്കേണ്ടി വരില്ല. പുതിയ ഡിജിറ്റൽ ടോക്കൺ സംവിധാനം വ്യാഴാഴ്ച നിലവിൽ വരും. നിലവിൽ ഏതു വിഭാഗം ഡോക്ടർമാരെ കാണുന്നതിനും ഒരേ രീതിയിലാണ് ആശുപത്രിയിൽ ടോക്കൺ വിതരണം ചെയ്യുന്നത്. ഇനി മുതൽ ഇത് മാറി ഓരോ വിഭാഗത്തിനും പ്രത്യേക ടോക്കൺ മെഷീൻ വഴി വിതരണം ചെയ്യും. ഡോക്ടറെ കാണാൻ കാത്തിരിപ്പു സ്ഥലത്ത് സ്ഥാപിച്ച കസേരയിൽ രോഗികൾക്ക് വിശ്രമിക്കാം. ടോക്കൺ നമ്പർ അതതു വിഭാഗം ഒ.പി ക്കു മുന്നിൽ പ്രദർശിപ്പിക്കുന്നതിനനുസരിച്ച് രോഗിക്ക് ഡോക്ടറെ കാണാം. ടോക്കൺ നമ്പർ വിളിച്ചു പറയുകയും ചെയ്യും. ഒരു തവണ എത്താത്തവർക്ക് വീണ്ടും പരിഗണന ലഭിക്കുന്ന രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. കെൽട്രോൺ വഴി നടപ്പിലാക്കിയ സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.